ഞങ്ങള്‍ നല്ല ക്രിക്കറ്റ് കളിയ്ക്കുന്നില്ല

Sayooj

ദക്ഷിണാഫ്രിക്ക നല്ല ക്രിക്കറ്റ് കളിയ്ക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞ് നായകന്‍ ഫാഫ് ഡു പ്ലെസി. ഇന്നലെ പാക്കിസ്ഥാനെതിരെയുള്ള 49 റണ്‍സ് തോല്‍വിയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു താരം. ടൂര്‍ണ്ണമെന്റില്‍ ഉടനീളം ബൗളിംഗ് മികവ് ടീം പുറത്തെടുത്തുവെങ്കിലും തങ്ങള്‍ നല്ല രീതിയില്‍ പാക്കിസ്ഥാനെതിരെ പന്തെറിഞ്ഞില്ലെന്നും ഫാഫ് പറഞ്ഞു. പാക്കിസ്ഥാനെതിരെ വളരെ മോശം ബൗളിംഗ് പ്രകടനമായിരുന്നു തങ്ങളുടേത്. ഈ പിച്ചില്‍ 300നു മേലുള്ള സ്കോറെന്നാല്‍ 20-25 റണ്‍സ് അധികമാണെന്നും ഫാഫ് വ്യക്തമാക്കി.

സമാനമായ തെറ്റുകള്‍ ബാറ്റിംഗിലും ടീം നടത്തി. മികച്ച തുടക്കം ആവശ്യമായ ഘട്ടത്തില്‍ പക്ഷേ അതുണ്ടായില്ല. കൂട്ടുകെട്ടുകള്‍ മുന്നോട്ട് കൊണ്ടുപോകേണ്ട ഘട്ടത്തില്‍ വിക്കറ്റുകള്‍ കൈമോശം വരുത്തിയതാണ് ബാറ്റിംഗിലെ പോരായ്മയെന്നും ഫാഫ് ഡു പ്ലെസി പറഞ്ഞു. പരിശീലനത്തില്‍ കൈ-മെയ് മറന്ന് ടീം ഏര്‍പ്പെടുന്നുണ്ട് എങ്കിലും കളിയില്‍ ആ ആത്മവിശ്വാസം പ്രകടിപ്പിക്കുവാന്‍ ടീമിനു കഴിയുന്നില്ലെന്നും ഫാഫ് ഡു പ്ലെസി വ്യക്തമാക്കി.