ഒരു യുവതാരമെന്ന നിലയില്‍ തനിക്ക് സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചതെന്ന് അറിയിച്ച് മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയ ഒഷെയ്‍ന്‍ തോമസ്. സര്‍ വിവിയന്‍ റിച്ചാര്‍ഡ്സില്‍ നിന്ന് ട്രോഫി ലഭിച്ചത് തന്നെ തനിക്ക് വലിയ അംഗീകാരമായി ആണ് കരുതുന്നതെന്നും ഒഷെയ്‍ന്‍ തോമസ് പറഞ്ഞു. തനിക്ക് തലേ ദിവസം നല്ല രീതിയില്‍ ഉറക്കം കിട്ടിയെന്നും ആദ്യ ലോകകപ്പ് മത്സരമെന്ന ചിന്ത തന്നെ അലട്ടുന്നില്ലായിരുന്നുവെന്നും തോമസ് പറഞ്ഞു.
ആന്‍ഡ്രേ റസ്സലിന്റെ ആക്രമോത്സുകമായ ബൗളിംഗ് ആണ് ടീമിനു കാര്യങ്ങള്‍ എളുപ്പമാക്കിയതെന്നും ഒഷെയ്ന്‍ അഭിപ്രായപ്പെട്ടു. റസ്സല്‍ വളരെ വേഗത്തിലുള്ള ബൗണ്‍സറുകളിലൂടെ പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്മാരെ സമ്മര്‍ദ്ദത്തിലാക്കുകകയായിരുന്നുവെന്നും പിന്നീട് വന്ന ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായെന്നും ഒഷെയ്‍ന്‍ വ്യക്തമാക്കി.