സൂപ്പര്‍ 12ലെ ഗ്രൂപ്പ് 2ൽ ചെറിയ ടീമുകളെയെല്ലാം നിഷ്പ്രഭമാക്കി ഇന്ത്യ. ഇന്ന് നമീബിയയ്ക്കെതിരെ 9 വിക്കറ്റ് വിജയം ആണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. പാക്കിസ്ഥാനോടും ന്യൂസിലാണ്ടിനോടും കളി മറന്ന ഇന്ത്യ പിന്നീട് അഫ്ഗാനിസ്ഥാന്‍, സ്കോട്‍ലാന്‍ഡ്, നമീബിയ എന്നിവരെ നിഷ്പ്രഭമാക്കിയാണ് മൂന്ന് ജയം പിടിച്ചതെങ്കിലും സെമിയിലേക്ക് പ്രവേശിക്കാനാകാതെ പോയത് ടീമിന് വലിയ നാണക്കേടാണ് സൃഷ്ടിച്ചിരിക്കുന്നത്.
ടി20 ക്യാപ്റ്റനെന്ന നിലയിൽ തന്റെ അവസാന മത്സരം വിജയിച്ച് പടിയിറങ്ങാം എന്നതാണ് വിരാട് കോഹ്‍ലിയ്ക്ക് ആശ്വാസം നല്‍കുന്ന കാര്യം. രോഹിത് ശര്‍മ്മയും കെഎൽ രാഹുലും തങ്ങളുടെ പതിവ് ശൈലിയിൽ ബാറ്റ് വീശിയപ്പോള്‍ 86 റൺസാണ് ഒന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്. 37 പന്തിൽ 56 റൺസ് നേടിയ രോഹിത്തിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്.
രോഹിത് പുറത്തായ ശേഷം തന്റെ അര്‍ദ്ധ ശതകം തികച്ച രാഹുലും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 35 പന്തിലാണ് രാഹുല്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയത്. 1 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 15.2 ഓവറിൽ വിജയം കരസ്ഥമാക്കിയത്.
രാഹുല്‍ 54 റൺസും സൂര്യകുമാര്‍ യാദവ് 25 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 50 റൺസാണ് നേടിയത്.