അഫ്ഗാനിസ്ഥാനെതിരെ നിര്‍ണ്ണായകമായ ടി20 ലോകകപ്പ് മത്സരത്തിൽ ബാറ്റിംഗ് വിസ്ഫോടനവുമായി ഇന്ത്യന്‍ ഓപ്പണര്‍മാര്‍. ആദ്യ രണ്ട് മത്സരങ്ങളിൽ നിറം മങ്ങിയ ബാറ്റിംഗ് ഇന്ന് ഫോമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ 210 റൺസാണ് 2 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.
ഓപ്പണിംഗ് വിക്കറ്റിൽ രോഹിത്തും രാഹുലും നല്‍കിയ മികച്ച തുടക്കത്തിന് ശേഷം മൂന്നാം വിക്കറ്റിൽ ഹാര്‍ദ്ദിക്കും പന്തും ആളിക്കത്തിയപ്പോള്‍ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുകയായിരുന്നു. ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കൂടിയാണ് ഇത്.
പത്തോവറിൽ 85 റൺസാണ് അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ നേടിയത്. രോഹിത്തും രാഹുലും തങ്ങളുടെ അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ഓപ്പണിംഗ് കൂട്ടുകെട്ട് 140 റൺസാണ് നേടിയത്. 47 പന്തിൽ 74 റൺസ് നേടിയ രോഹിത്തിനെ ആണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്.
ബാറ്റിംഗ് ഓര്‍ഡറിൽ സ്ഥാനക്കയറ്റം ലഭിച്ച ഋഷഭ് പന്ത് റഷീദ് ഖാന്റെ ഓവറിൽ ആദ്യം ഒരു റിവ്യൂ അതിജീവിച്ചപ്പോള്‍ അടുത്ത പന്തിൽ ഔട്ട് വിധിക്കപ്പെട്ടുവെങ്കിലും റിവ്യൂവിലൂടെ തന്റെ വിക്കറ്റ് സംരക്ഷിച്ചു. അടുത്ത ഓവറിൽ 48 പന്തിൽ 69 റൺസ് നേടിയ രാഹുലിനെയും ഇന്ത്യയ്ക്ക് നഷ്ടമായി.
16 പന്തിൽ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ഹാര്‍ദ്ദിക് – ഋഷഭ് പന്ത് കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ അടിച്ച് തകര്‍ത്തപ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 200 കടന്നു. 21 പന്തിൽ 63 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ഹാര്‍ദ്ദിക്കും പന്തും നേടിയത്. ഹാര്‍ദ്ദിക് 13 പന്തിൽ 35 റൺസും പന്ത് 13 പന്തിൽ 27 റൺസുമാണ് നേടിയത്. 10 സിക്സുകളാണ് ഇന്ത്യന്‍ ടീം ഇന്ന് നേടിയത്.