ഒരു റൺസ് നേടി സഞ്ജു പുറത്ത്, ഇന്ത്യയെ 182 റൺസിലെത്തിച്ച് പന്തും ഹാര്‍ദ്ദിക്കും

Sports Correspondent

ടി20 ലോകകപ്പിലെ സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് 182 റൺസ്. ഋഷഭ് പന്ത് നേടിയ അര്‍ദ്ധ ശതകത്തിനൊപ്പം സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, രോഹിത് ശര്‍മ്മ എന്നിവരുടെ ബാറ്റിംഗ് മികവ് കൂടിയായപ്പോളാണ് ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോര്‍ നേടിയത്.

സഞ്ജു സാംസൺ രണ്ടാം ഓവറിൽ എൽബിഡബ്ല്യു ആയി പുറത്തായപ്പോള്‍ 19 പന്തിൽ 23 റൺസ് നേടിയ രോഹിത് ആണ് രണ്ടാമതായി പുറത്തായത്. രോഹിത്തും പന്തും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 48 റൺസാണ് കൂട്ടിചേര്‍ത്തത്. സഞ്ജുവിനെ ഷൊറിഫുള്‍ ഇസ്ലാം പുറത്താക്കിയപ്പോള്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് മഹമ്മുദുള്ളയാണ് നേടിയത്.

ഋഷഭ് പന്ത് 32 പന്തിൽ 53 റൺസ് നേടി റിട്ടേര്‍ഡ് ഔട്ട് ആയപ്പോള്‍ 18 പന്തിൽ 31 റൺസ് നേടി സൂര്യകുമാര്‍ യാദവും 23 പന്തിൽ 40 റൺസ് നേടി ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യയുടെ സ്കോറിംഗ് വേഗത കൂട്ടി.