അവസാന ഓവറിൽ 14 റൺസ് ഇംഗ്ലണ്ടിന് വേണ്ട ഘട്ടത്തിൽ ഹാട്രിക്കുമായി കാഗിസോ റബാഡയുടെ ഉശിരന്‍ പ്രകടനം ദക്ഷിണാഫ്രിക്കയ്ക്ക് 10 റൺസിന്റെ വിജയം സമ്മാനിച്ചു.
തന്റെ ആദ്യ മൂന്നോവറിൽ കണക്കറ്റ് പ്രഹരമാണ് കാഗിസോ റബാഡ നേരിട്ടത്. മൂന്നോവറിൽ 45 റൺസ് വഴങ്ങിയ താരം അവസാന ഓവറിൽ വെറും 3 റൺസ് വഴങ്ങിയപ്പോള്‍ ഇംഗ്ലണ്ടിന്റെ അപരാജിതക്കുതിപ്പിന് വിരാമമിടുവാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി.
190 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് 179/8 എന്ന സ്കോര്‍ മാത്രമേ നേടുവാനായുള്ളു. ജേസൺ റോയിയും ജോസ് ബട്‍ലറും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയതെങ്കിലും 20 റൺസ് നേടിയ റോയ് റിട്ടേര്‍ഡ് ഹര്‍ട്ടായത് ഇംഗ്ലണ്ടിന്റെ താളം തെറ്റിച്ചു.
പവര്‍പ്ലേയ്ക്കുള്ളിൽ ബട്‍ലറെ(26) നഷ്ടമായപ്പോള്‍ ഇംഗ്ലണ്ട് 53 റൺസാണ് നേടിയത്. ജോണി ബൈര്‍സ്റ്റോ വേഗത്തിൽ മടങ്ങിയപ്പോള്‍ മോയിന്‍ അലി(37), ദാവിദ് മലന്‍(33), ലിയാം ലിവിംഗ്സ്റ്റൺ എന്നിവര്‍ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തി.
12 പന്തിൽ 25 റൺസ് വേണ്ട ഘട്ടത്തിൽ ഡ്വെയിന്‍ പ്രിട്ടോറിയസ് ലിയാം ലിവിംഗ്സ്റ്റണിനെ പുറത്താക്കി. 28 റൺസാണ് ലിയാം നേടിയത്. താന്‍ നേരിട്ട ആദ്യ പന്ത് ക്രിസ് വോക്സ് സിക്സര്‍ പറത്തിയപ്പോള്‍ ഓവറിൽ നിന്ന് 11 റൺസാണ് ഇംഗ്ലണ്ട് നേടിയത്.
ഇതോടെ അവസാന ഓവറിൽ ജയത്തിനായി 14 റൺസ് ഇംഗ്ലണ്ട് നേടേണ്ടതായി വന്നു. അവസാന ഓവറിലെ ആദ്യ പന്തിൽ വോക്സിനെ റബാഡ വീഴ്ത്തിയപ്പോള്‍ തൊട്ടടുത്ത പന്തുകളിൽ ഓയിന്‍ മോര്‍ഗനെയും ക്രിസ് ജോര്‍ദ്ദനെയും വീഴ്ത്തി തന്റെ ഹാട്രിക്ക് സ്വന്തമാക്കി.
തബ്രൈസ് ഷംസി, ഡ്വെയിന്‍ പ്രിട്ടോറിയസ് എന്നിവരും ദക്ഷിണാഫ്രിക്കയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടി.