പാക്കിസ്ഥാന്‍ നായകനും പ്രധാന ബാറ്റ്സ്മാനുമായ ബാബര്‍ അസം ടീമിന് വേണ്ടി ത്യാഗം ചെയ്യില്ലെന്നും സ്വാര്‍ത്ഥനായ കളിക്കാരനാണെന്നും പറഞ്ഞ് വസീം അക്രം. സിംബാബ്‍വേയ്ക്കെതിരെയുള്ള ടീമിന്റെ തോൽവിയ്ക്ക് ശേഷം ആണ് വസീം അക്രം ഇത്തരത്തിൽ പ്രതികരിച്ചത്. വസീമിനൊപ്പം ഇതേ അഭിപ്രായവുമായി വഖാര്‍ യൂനിസും രംഗത്തെത്തിയിട്ടുണ്ട്.
ഫോമില്‍ അല്ലാതിരുന്നിട്ടും ഓപ്പണിംഗ് സ്ലോട്ട് ഉപേക്ഷിക്കുവാന്‍ താരം തയ്യാറാകുന്നില്ലെന്നതാണ് ഈ പാക് ഇതിഹാസങ്ങള്‍ പറയുന്ന താരത്തിന്റെ പ്രധാന സ്വാര്‍ത്ഥത.
ടി20യിൽ ഏറ്റവും എളുപ്പമുള്ള ജോലി ഓപ്പണിംഗ് ആണെന്നും അത് ബാബര്‍ അര്‍ക്കും വിട്ട് കൊടുക്കുന്നില്ലെന്നും വസീം പറഞ്ഞു. രണ്ട് വര്‍ഷമായി അവിടെ വേറൊരു താരത്തെ പരീക്ഷിക്കുവാന്‍ ഇവര്‍ ഒരുക്കമല്ല, ഇത് താന്‍ മിസ്ബയുമായും ചര്‍ച്ച ചെയ്തിട്ടുള്ള കാര്യമാണെന്നും മധ്യ നിരയിലെ പരീക്ഷണങ്ങള്‍ മാത്രമാണ് ടീം നടത്തുന്നതെന്നും വഖാര്‍ യൂനിസ് ചൂണ്ടിക്കാണിച്ചു.
കറാച്ചി കിംഗ്സിൽ താരത്തോടൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ താന്‍ താരത്തോട് മൂന്നാം നമ്പറിൽ കളിക്കുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും മോശം ഫോമിലായിട്ട് കൂടി ഓപ്പണിംഗ് സ്ഥാനം വിട്ട് നൽകുവാന്‍ ബാബര്‍ തയ്യാറായിരുന്നില്ലെന്നും വസീം അക്രം കൂട്ടിചേര്‍ത്തു.