അവസാനം വരെ നില്‍ക്കുവാനായത് ഗുണം ചെയ്തു, ബാറ്റിംഗ് ദുഷ്കരമായ വിക്കറ്റായിരുന്നു

Sayooj

ന്യൂസിലാണ്ടിന്റെ വിജയത്തില്‍ അവസാനം വരെ ക്രീസില്‍ നില്‍ക്കുവാന്‍ സാധിച്ചത് ഗുണകരമായെന്നും ദുഷ്കരമായ ബാറ്റിംഗ് വിക്കറ്റായിരുന്നു എഡ്ജ്ബാസ്റ്റണിലേതെന്നും പറഞ്ഞ് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍. മത്സരത്തിലെ ഗ്രാന്‍ഡോമിന്റെ സംഭാവന എടുത്ത് പറയേണ്ടതാണെന്നും ബൗളിംഗിലും അവസാന ഓവറുകളിലെ ബാറ്റിംഗിലും താരം നിര്‍ണ്ണായകമായിരുന്നുവെന്ന് വില്യംസണ്‍ പറഞ്ഞു.

ഒരു ഘട്ടത്തില്‍ ന്യൂബോളിനെ താനും മാര്‍ട്ടിന്‍ ഗപ്ടിലും അതിജീവിച്ചുവെങ്കിലും പിന്നീട് കൂട്ടുകെട്ട് ഉയര്‍ത്തേണ്ട സമയത്ത് തുടരെ ടീമിനു വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി മാറിയിരുന്നു. ദക്ഷിണാഫ്രിക്ക കണിശതയോടെ പന്തെറിയുകയും ചെയ്തപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ശ്രമകരമായി. ഗ്രാന്‍ഡോം ക്രീസിലെത്തിയതോടെയാണ് കാര്യങ്ങള്‍ എളുപ്പമായതെന്നും കെയിന്‍ വില്യംസണ്‍ പറഞ്ഞു. ഇന്ന് ഈ മത്സരത്തില്‍ വിജയിക്കാനായത് ഏറെ സന്തോഷം തരുന്ന കാര്യമാണെന്നും ഒപ്പത്തിനൊപ്പമുള്ള പോരാട്ടം വിജയിക്കുമ്പോളുള്ള ആത്മവിശ്വാസം ഏറെ പ്രാധാന്യമുള്ളതാണെന്നും കെയിന്‍ വില്യംസണ്‍ പറഞ്ഞു.