ഓപ്പണിംഗ് കൂട്ടുകെട്ട് ഓസ്ട്രേലിയയെ വിറപ്പിച്ചുവെങ്കിലും ബാക്കി ബാറ്റ്സ്മാന്മാര്‍ക്ക് അവര്‍ നല്‍കിയ തുടക്കം തുടര്‍ന്ന് കൊണ്ടുപോകാനാകാതെ പോയപ്പോള്‍ ഓസ്ട്രേലിയയോട് കീഴടങ്ങി ശ്രീലങ്ക. 45.5 ഓവറില്‍ 247 റണ്‍സിന് ശ്രീലങ്ക ഓള്‍ഔട്ട് ആയപ്പോള്‍ ഓസ്ട്രേലിയ മത്സരത്തില്‍ 87 റണ്‍സിന്റെ വിജയം കരസ്ഥമാക്കി. മിച്ചല്‍ സ്റ്റാര്‍ക്കും കെയിന്‍ റിച്ചാര്‍ഡ്സണും ആണ് ഓസ്ട്രേലിയയുടെ തിരിച്ചുവരവിനു വഴിയൊരുക്കിയത്.
ഇന്ന് ആവേശകരമായി തുടങ്ങിയ റണ്‍ ചേസിനു ആന്റി ക്ലൈമാക്സ് കുറിയ്ക്കുന്ന പ്രകടനമാണ് ശ്രീലങ്കന്‍ മധ്യനിര പുറത്തെടുത്തത്. ഒരു ഘട്ടത്തില്‍ കുശല്‍ പെരേരയും ദിമുത് കരുണാരത്നേയും ശ്രീലങ്കയെ ഐതിഹാസിക വിജയത്തിലേക്ക് നയിക്കുമെന്ന കരുതിയ നിമിഷത്തിലാണ് മിച്ചല്‍ സ്റ്റാര്‍ക്കിലൂടെ ഓസ്ട്രേലിയ ശക്തമായ തിരിച്ചുവരവ് നടത്തിയത്. പിന്നീട് കെയിന്‍ റിച്ചാര്‍ഡ്സണും ഒപ്പം കൂടിയപ്പോള്‍ ശ്രീലങ്കയുടെ പതനം എളുപ്പത്തിലായി.
15.3 ഓവറില്‍ ഒന്നാം വിക്കറ്റില്‍ 115 റണ്‍സ് നേടിയ ശ്രീലങ്കയ്ക്ക് ആദ്യ പ്രഹരമേല്പിച്ചതും സ്റ്റാര്‍ക്ക് തന്നെയായിരുന്നു. 36 പന്തില്‍ നിന്ന് 52 റണ്‍സ് നേടി കുശല്‍ പെരേരയുടെ കുറ്റി തെറിപ്പിച്ചാണ് ഓസ്ട്രേലിയയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ സ്റ്റാര്‍ക്ക് നേടിക്കൊടുത്തത്. ദിമുത് കരുണാരത്നേ തന്റെ ശതകത്തിനു 3 റണ്‍സ് അകലെ പുറത്തായപ്പോള്‍ പിന്നെ ഓസ്ട്രേലിയയ്ക്ക കാര്യങ്ങള്‍ എളുപ്പമായി. 97 റണ്‍സ് നേടിയ താരത്തെ കെയിന്‍ റിച്ചാര്‍ഡ്സണ്‍ ആണ് പുറത്താക്കിയത്.
സ്റ്റാര്‍ക്കിനൊപ്പം പാറ്റ് കമ്മിന്‍സും ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ ശ്രീലങ്ക 205/3 എന്ന നിലയില്‍ നിന്ന് 222/7 എന്ന നിലയിലേക്ക് വീണു. ഒരു ഘട്ടത്തില്‍ അതി ശക്തമായ നിലയില്‍ നിന്ന ശേഷമാണ് ഏഷ്യന്‍ ടീമിന്റെ ഈ തകര്‍ച്ച. കുശല്‍ മെന്‍ഡിസ്(30) പൊരുതി നോക്കിയെങ്കിലും താരത്തെയും സ്റ്റാര്‍ക്ക് തന്നെ അലെക്സ് കാറെയുടെ കൈകളിലെത്തിച്ചു. തിസാര പെരേരയും മിലിന്‍ഡ് സിരിവര്‍ദ്ധനേയുമായിരുന്നു സ്റ്റാര്‍ക്കിന്റെ മറ്റു ഇരകള്‍.
മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റ് നേടിയപ്പോള്‍ കെയിന്‍ റിച്ചാര്‍ഡ്സണ് മൂന്ന് വിക്കറ്റും പാറ്റ് കമ്മിന്‍സിനു രണ്ട് വിക്കറ്റും, ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ് ഒരു വിക്കറ്റുമാണ് നേടിയത്.