ബെന്‍ സ്റ്റോക്സിനെ പുറത്താക്കി മിച്ചല്‍ സ്റ്റാര്‍ക്ക് ഇംഗ്ലണ്ടിന്റെ കഥ കഴിച്ചു. 124 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടമായ ശേഷം ബെന്‍ സ്റ്റോക്സിന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ നേരിയ വിജയ പ്രതീക്ഷ ഇംഗ്ലണ്ട് വെച്ച് പുലര്‍ത്തിയെങ്കിലും തന്റെ സ്പെല്ലിലേക്ക് മടങ്ങിയെത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് 89 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സിനെ മികച്ചൊരു യോര്‍ക്കറിലൂടെ പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ സെമി സാധ്യതകള്‍ വെള്ളത്തിലാകുകയായിരുന്നു.
സ്റ്റാര്‍ക്ക് സ്റ്റോക്സിനെ പുറത്താക്കിയ പന്ത് ടൂര്‍ണ്ണമെന്റിലെ തന്നെ ബോള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു. ലേറ്റ് സ്വിംഗോടു കൂടിയ യോര്‍ക്കര്‍ സ്റ്റോക്സിന്റെ പ്രതിരോധം തകര്‍ത്തപ്പോള്‍ തകര്‍ന്നത് ഇംഗ്ലണ്ടിന്റെ സെമി സ്വപ്നത്തിലേക്കുള്ള ആദ്യ കാല്‍വയ്പ്പായിരുന്നു. സ്റ്റോക്സ് പുറത്തായ ശേഷം ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ് മോയിന്‍ അലിയെയും ക്രിസ് വോക്സിനെയും(26) ജോഫ്ര ആര്‍ച്ചറെയും പുറത്താക്കി പുറത്താക്കി മത്സരത്തിലെ തന്റെ അഞ്ചാം വിക്കറ്റ് നേടി. 25 റണ്‍സ് നേടിയ ആദില്‍ റഷീദിനെ പുറത്താക്കി സ്റ്റാര്‍ക്ക് തന്റെ നാലാം വിക്കറ്റും ഇംഗ്ലണ്ടിനെ 221 റണ്‍സിന് ഓള്‍ഔട്ട് ആക്കുകയും ചെയ്തു.
44.4 ഓവറില്‍ 221 റണ്‍സിന് ഓള്‍ഔട്ട് ആയ ഇംഗ്ലണ്ട് ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ മൂന്നാം തോല്‍വിയിലേക്കാണ് ഇന്ന് വീണത്. 64 റണ്‍സ് വിജയത്തോടെ ഓസ്ട്രേലിയ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ഇതോടെ ഓസ്ട്രേലിയ ലോകകപ്പ് സെമിയില്‍ കടന്നു.