പാകിസ്താനെതിരെ കൂറ്റൻ സ്കോർ ഉയർത്തി ശ്രീലങ്ക. ഇന്ന് ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 50 ഓവറിൽ നിന്ന് 344/9 റൺസ് എടുത്തു. കുശാൽ മെൻഡിസിന്റെയും സമരവിക്രമയുടെയും ഇന്നിംഗ്സ് ആണ് ശ്രീലങ്കയ്ക്ക് കരുത്തായത്. കുശാൽ മെൻഡിസ് 65 പന്തിൽ നിന്ന് സെഞ്ച്വറി നേടിക്കൊണ്ട് ശ്രീലങ്കയ്ക്ക് ആയി ലോകകപ്പിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന താരമായി മാറി. കുശാൽ മെൻഡിസ് ആകെ 77 പന്തിൽ നിന്ന് 122 റൺസ് എടുത്താണ് പുറത്തായത്.
ആറ് സിക്സും 14 ഫോറും അടങ്ങിയതായിരുന്നു കുശാൽ മെൻഡിസിന്റെ ഇന്നിംഗ്സ്. ഹസൻ അലിയെ തുടർച്ചയായ 2 പന്തുകളിൽ സിക്സ് പറത്തിയ മെൻഡിസ്, മൂന്നാം പന്തിലും സിക്സ് അടിക്കാൻ ശ്രമിക്കവെ സിക്സ് ലൈനിൽ ഒരു ക്യാച്ച് നൽകിയാണ് പുറത്തായത്.
സദീര സമരവിക്രമയും ശ്രീലങ്കയ്ക്ക് ആയി ഇന്ന് സെഞ്ച്വറി നേടി. ആത്മവിശ്വാസത്തോടെ ബാറ്റു ചെയ്ത സമരവിക്രമ 82 പന്തിൽ ആണ് സെഞ്ച്വറി പൂർത്തിയാക്കിയത്. സമരവിക്രമയുടെ ആദ്യ ഏകദിന സെഞ്ച്വറിയാണിത്. 89 പന്തിൽ നിന്ന് 108 റൺസുമായി താരം ഇന്നിങ്സ് അവസാനിപ്പിച്ചു. 2 സിക്സും 11 ഫോറും അടങ്ങുന്നത് ആയിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്.
അവസാനം കൂറ്റനടികൾ നടത്താൻ ശ്രീലങ്കയ്ക്ക് ആവാത്തത് കൊണ്ടാണ് 350ന് മുകളിൽ സ്കോർ എത്താതിരുന്നത്. പാകിസ്താന്റെ ബൗളർമാരിൽ ഹസൻ അലി 4 വിക്കറ്റ് നേടി മെച്ചപ്പെട്ട ബൗളിംഗ് കാഴ്ചവെച്ചു. ഹാരിസ് റഹൂഫ് 2 വിക്കറ്റും വീഴ്ത്തി. ഷഹീൻ അഫ്രീദി, നവാസ്, ശദബ് ഖാൻ, എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.