ശ്രീലങ്കയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിപ്പിച്ച് ബംഗ്ലാദേശ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അസലങ്കയുടെ ശതകത്തിന്റെ മികവിൽ 279 റൺസ് നേടിയെങ്കിലും ലക്ഷ്യം ബംഗ്ലാദേശ് 41.1 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. നജ്മുള്‍ ഹൊസൈന്‍ ഷാന്റോ – ഷാക്കിബ് അൽ ഹസന്‍ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ 169 റൺസ് കൂട്ടുകെട്ടുമായി ബംഗ്ലാദേശിനെ അനായാസ വിജയത്തിലേക്ക് നയിക്കുമെന്ന ഘട്ടത്തില്‍ ആഞ്ചലോ മാത്യൂസ് ഇരുവരെയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കുകയായിരുന്നു.
ഷാക്കിബ് 82 റൺസ് നേടിയപ്പോള്‍ ഷാന്റോ 90 റൺസ് നേടിയാണ് പുറത്തായത്. പിന്നീട് വിക്കറ്റുകളുമായി സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ ശ്രീലങ്കയ്ക്കായെങ്കിലും വിജയം തടുത്തുനിര്‍ത്തുവാന്‍ അവര്‍ക്കായില്ല.
ഷാക്കിബും നജ്മുള്‍ ഹൊസൈനും പുറത്തായ ശേഷം മഹമ്മുദുള്ള(22), തൗഹിദ് ഹൃദോയ്(15*) എന്നിവര്‍ നിര്‍ണ്ണായക റണ്ണുകള്‍ നേടി. തന്‍സിം ഹസന്‍ ഷാക്കിബ് 9 റൺസുമായി തൗഹിദിനൊപ്പം പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്കായി ദിൽഷന്‍ മധുഷങ്ക മൂന്നും മഹീഷ് തീക്ഷണ, ആഞ്ചലോ മാത്യൂസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.