ലോകകപ്പിനിടെ എപ്പോളെങ്കിലും 500 റണ്‍സെന്ന ലക്ഷ്യം മറികടക്കുക എന്നതാവും വിന്‍ഡീസിന്റെ ആഗ്രഹമെന്ന് പറഞ്ഞ് ഷായി ഹോപ്. ഇന്നലെ ന്യൂസിലാണ്ടിനെതിരെ നടന്ന മത്സരത്തില്‍ ശതകം നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയ ഷായി ഹോപ് 86 പന്തില്‍ നിന്ന് 101 റണ്‍സാണ് നേടിയത്. ലോകത്തില്‍ ആദ്യമായി 500 കടക്കുന്ന ടീമെന്ന ബഹുമതി നേടാനായാല്‍ അത് വലിയൊരു നേട്ടമാകുമെന്നും ഷായി ഹോപ് പറഞ്ഞു. ന്യൂസിലാണ്ടിനെതിരെ സന്നാഹ മത്സരത്തില്‍ 421 റണ്‍സാണ് നേടിയതെങ്കിലും വിന്‍ഡീസ് ബാറ്റിംഗിന്റെ 500 കടക്കുവാനുള്ള ശക്തിയുണ്ടെന്നും ഹോപ് പറഞ്ഞു.
ക്രിസ് ഗെയില്‍, ആന്‍ഡ്രേ റസ്സല്‍, കാര്‍ലോസ് ബ്രാത്വൈറ്റ് എന്നിവരുടെ തകര്‍പ്പനടികളാണ് ടീമിനെ 421 റണ്‍സിലേക്ക് നയിച്ചത്. അതേ സമയം ഗെയിലിനു തന്റെ സ്വതസിദ്ധമായ ശൈലിയിലേക്ക് നീങ്ങാനാകാതെ പോയപ്പോള്‍ എവിന്‍ ലൂയിസും കരുതലോടെയാണ് ബാറ്റ് വീശിയത്. ഇത് കൂടാതെ വെടിക്കെട്ട് ബാറ്റിംഗിനു പേര് കേട്ട നിക്കോളസ് പൂരനും ഷിമ്രണ്‍ ഹെറ്റ്മ്യറിനും അധികം മികവ് പുലര്‍ത്താനായില്ല. ഇവരില്‍ ഒന്ന് രണ്ട് താരങ്ങള്‍ ഒരുമിച്ച് ഫോമായാല്‍ തന്നെ വിന്‍ഡീസ് വലിയ സ്കോറിലേക്ക് നീങ്ങുമെന്ന് ഇന്നലെ തെളിയിച്ച്, അപ്പോള്‍ ബാക്കി താരങ്ങളില്‍ നിന്നും ശ്രദ്ധേയമായ പ്രകടനം വന്നാല്‍ അഞ്ഞൂറ് കടക്കുന്ന ആദ്യ ടീമായി വിന്‍ഡീസ് മാറുമെന്നതില്‍ യാതൊരു സംശയവുമില്ല.
റസ്സലിനെയും ഷായി ഹോപ് പ്രശംസിക്കുവാന്‍ മറന്നില്ല. 25 പന്ത് നേരിട്ട താരം 54 റണ്‍സ് നേടുകയായിരുന്നു. റസ്സലിനെക്കുറിച്ച് തനിക്ക് അധികമൊന്നും പറയാനില്ലെന്ന് പറഞ്ഞ ഹോപ് താരം അടിച്ച് തുടങ്ങിയാല്‍ അത് എല്ലാം സിക്സുകളായി മാറുമെന്നും പറഞ്ഞു. റസ്സല്‍ ഫോമിലായാല്‍ അതേ ടീമില്‍ കളിക്കുന്നവര്‍ക്ക് അത് വളരെ ആഹ്ലാദം നല്കുന്ന നിമിഷങ്ങളാണ്, എന്നാല്‍ ഫീല്‍ഡിലുള്ള താരങ്ങളാണെങ്കില്‍ എവിടെ പന്ത് എറിയണമെന്ന് ആര്‍ക്കും തന്നെ ബോധ്യമുണ്ടാകില്ലെന്നും ഹോപ് പറഞ്ഞു.