Aidenmarkram2

ശ്രീലങ്കയ്ക്കെതിരെ റൺ മല തീര്‍ത്ത് ദക്ഷിണാഫ്രിക്ക, 428 റൺസ്

ശ്രീലങ്കയ്ക്കെതിരെ വമ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ദക്ഷിണാഫ്രിക്ക. ഇന്ന് ലോകകപ്പ് 2023ലെ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുത്തു. ടെംബ ബാവുമയെ തുടക്കത്തിൽ നഷ്ടമായ ശേഷം ദക്ഷിണാഫ്രിക്കയുടെ ആധിപത്യമാണ് മത്സരത്തിൽ കണ്ടത്.

ക്വിന്റൺ ഡി കോക്ക് – റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ കൂട്ടുകെട്ട് 204 റൺസ് രണ്ടാം വിക്കറ്റിൽ നേടിയപ്പോള്‍ ഡി കോക്ക് 84 പന്തിൽ 100 റൺസ് നേടിയാണ് പുറത്തായത്. റാസ്സി 108 റൺസ് നേടി പുറത്തായപ്പോള്‍ പിന്നീട് എയ്ഡന്‍ മാര്‍ക്രം – ഹെയിന്‍റിച്ച് ക്ലാസ്സന്‍ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചത്.

ക്ലാസ്സന്‍ 20 പന്തിൽ 32 റൺസ് നേടി പുറത്തായപ്പോള്‍ മാര്‍ക്രം 54 പന്തിൽ നിന്ന് 106 റൺസ് നേടി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. മാര്‍ക്രം 49 പന്തിൽ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ അത് വരെ കരുതലോടെ ബാറ്റ് വീശിയ ഡേവിഡ് മില്ലര്‍ ഗിയര്‍ മാറ്റി ടീം സ്കോര്‍ 400 കടത്തി.

മില്ലര്‍ 21 പന്തിൽ 39 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ 428/5 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചത്.

 

Exit mobile version