പാക്കിസ്ഥാന് തോൽക്കുന്നത് ശീലമായി മാറ്റുകയാണെന്ന് പറഞ്ഞ് റമീസ് രാജ. ഏഷ്യ കപ്പിനു പിന്നാലെ ലോകകപ്പ് സന്നാഹ മത്സരത്തിലും പാകിസ്താൻ തോറ്റതിന് പിന്നാലെ ആയിരുന്നു റമീസ് രാജയുടെ പ്രസ്താവന. ന്യൂസിലൻഡിനെതിരെ 345 എന്ന നല്ല സ്കോർ പ്രതിരോധിക്കാൻ പാകിസ്താനായിരുന്നില്ല. വലിയ വേദിയിൽ ബൗളർമാർ ഇങ്ങനെ പരാജയപ്പെടുക ആണെങ്കിൽ പാകിസ്താൻ 400 റൺസിന് മുകളിൽ സ്കോർ ചെയ്യേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
“ഇതൊരു പ്രാക്ടീസ് ഗെയിം മാത്രമായിരുന്നു, പക്ഷേ ജയം ഒരു വിജയമാണ്. ജയിക്കുന്നത് ഒരു ശീലമായി മാറും. എന്നാൽ പാകിസ്ഥാന് ഇപ്പോൾ തോൽക്കുന്നത് ഒരു ശീലമായി മാറുകയാണെന്ന് എനിക്ക് തോന്നുന്നു. ആദ്യം അവർ ഏഷ്യാ കപ്പിലും ഇപ്പോൾ ഇവിടെയും തോറ്റു.” റമീസ് രാജ പറഞ്ഞു.
“പാകിസ്ഥാൻ 345 റൺസ് നേടി. ഇത് ഒരു മികച്ച സ്കോർ ആയിരുന്നു. നിങ്ങളുടെ ബൗളിംഗ് ഇങ്ങനെ മിസ്‌ഫയർ ചെയ്യുകയാണെങ്കിൽ നിങ്ങൾ 400 സ്കോർ ചെയ്യേണ്ടിവരും, നിങ്ങളുടെ തന്ത്രങ്ങൾ മാറ്റേണ്ടിവരും, റിസ്ക് എടുക്കേണ്ടിവരും. ഞങ്ങൾ ആദ്യം 10-15 ഓവറുകൾ പ്രതിരോധത്തിൽ കളിക്കുകയും പിന്നീട് ഗിയർ മാറ്റുകയും ചെയ്യുന്നു. ആ തന്ത്രം മാറ്റേണ്ടി വരും” അദ്ദേഹം പറഞ്ഞു.