അഫ്ഗാനിസ്ഥാന്റെ ബൗളിംഗ് മികവിനിടയിലും ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ച് മുഷ്ഫിക്കുര്‍ റഹിം, ഷാക്കിബ് അല്‍ ഹസന്‍ എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

മുഷ്ഫിക്കുര്‍ റഹിമും ഷാക്കിബ് അല്‍ ഹസനും അര്‍ദ്ധ ശതകങ്ങള്‍ നേടിയ മികവില്‍ അഫ്ഗാനിസ്ഥാനെതിരെ ബാറ്റിംഗ് അത്ര അനായാസമല്ലാത്ത പിച്ചില്‍ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്. ഇതേ പിച്ചില്‍ ഇന്ത്യ നേടിയ സ്കോറിനെക്കാള്‍ മികച്ച സ്കോര്‍ നേടിയ ബംഗ്ലാദേശ് 50 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 262 റണ്‍സാണ് നേടിയത്. ഇന്ത്യയ്ക്കെതിരെയെന്ന പോലെ മികച്ച രീതിയിലുള്ള ബൗളിംഗാണ് അഫ്ഗാനിസ്ഥാന്‍ പുറത്തെടുത്തത്. എന്നാല്‍ ബൗണ്ടറി നേടാനാകാതെ വന്നപ്പോളും സിംഗിളുകളും ഡബിളും ഓടി സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കുന്നതില്‍ ബംഗ്ലാദേശ് ശ്രദ്ധിച്ചിരുന്നു. മുജീബ് ഉര്‍ റഹ്മാന്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ മുഹമ്മദ് നബിയ്ക്കാണ് ഒരു വിക്കറ്റ്.

സൗമ്യ സര്‍ക്കാരിന് പകരം ലിറ്റണ്‍ ദാസിനെ ഓപ്പണിംഗില്‍ പരീക്ഷിച്ച ബംഗ്ലാദേശ് തീരുമാനം ഫലം കാണുമെന്നാണ് തോന്നിയത്. മിന്നും തുടക്കം ദാസ് നേടിയെങ്കിലും പിന്നീട് മുജീബിന് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ 16 റണ്‍സ് ആണ് താരം നേടിയത്. പിന്നീട് 59 റണ്‍സ് കൂട്ടുകെട്ടുമായി തമീം ഇക്ബാലും ഷാക്കിബ് അല്‍ ഹസനും ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും റണ്‍സ് അധികം വിട്ട് നല്‍കാതെ അഫ്ഗാനിസ്ഥാന്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു.

തമീമിനെ(36) നബി പുറത്താക്കിയപ്പോള്‍ മുജീബ് ഷാക്കിബ് അല്‍ ഹസനെയും(51) സൗമ്യ സര്‍ക്കാരിനെയും(3) പുറത്താക്കി ബംഗ്ലാദേശിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. മൂന്നാം വിക്കറ്റില്‍ ഷാക്കിബും-റഹിമും ചേര്‍ന്ന് 61 റണ്‍സാണ് നേടിയത്. മധ്യ ഓവറുകളില്‍ ബൗണ്ടറി നേടാനാകാതിരുന്നതും ബംഗ്ലാദേശിന് തിരിച്ചടിയായി മാറുമെന്ന് കരുതിയെങ്കിലും ഇന്നിംഗ്സ് അവസാനം വരെ മുഷ്ഫിക്കുര്‍ ബാറ്റ് ചെയ്തപ്പോള്‍ ടീമിന് മികച്ച സ്കോര്‍ നേടുവാനായി. 90 പന്തുകള്‍ക്ക് ശേഷം 39ാം ഓവറിലാണ് മുഷ്ഫിക്കുര്‍ റഹിം ഒരു ബൗണ്ടറി നേടിയത്.

റഹിമിനൊപ്പം മഹമ്മദുള്ള രംഗത്തെത്തിയ ശേഷമാണ് ഏറെ ഓവറുകള്‍ക്ക് ശേഷം ബംഗ്ലാദേശ് സ്കോറിംഗിനു വീണ്ടും വേഗത വന്നത്. 56 റണ്‍സ് അഞ്ചാം വിക്കറ്റില്‍ നേടി അവസാന ഓവറുകളില്‍ കൂറ്റനടിക്ക് ശ്രമിച്ച് മഹമ്മദുള്ള(27) പുറത്തായപ്പോള്‍ മറുവശത്ത് മുഷ്ഫിക്കുര്‍ തന്റെ ബാറ്റിംഗ് തുടര്‍ന്നു.

87 പന്തില്‍ നിന്ന് 83 റണ്‍സ് നേടി റഹിം ദവലത് സദ്രാന് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ ആറാം വിക്കറ്റില്‍ 44 റണ്‍സാണ് താരം മൊസ്ദേക്ക് ഹൊസൈനുമായി ചേര്‍ന്ന് നേടിയത്. ഇന്നിംഗ്സിന്റ അവസാന പന്തില്‍ പുറത്താകുമ്പോള്‍ മൊസ്ദേക്ക് 24 പന്തില്‍ നിന്ന് നിര്‍ണ്ണായകമായ 35 റണ്‍സാണ് നേടിയത്. അഫ്ഗാനിസ്ഥാന് വേണ്ടി മുജീബ് മൂന്നും ഗുല്‍ബാദിന്‍ നൈബ് രണ്ടും വിക്കറ്റാണ് നേടിയത്.