ടോസ് നേടി ഇന്ത്യയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത സര്‍ഫ്രാസിന്റെ തീരുമാനത്തെ ഏവരും പഴിക്കുമ്പോളും താനും അത് തന്നെ ടോസ് ലഭിച്ചെങ്കില്‍ ചെയ്തേനെ എന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. പിച്ചില്‍ നിന്ന് ബൗളിംഗിനു വേണ്ടത്ര പിന്തുണയുണ്ടായിരുന്നുവെന്നാണ് താന്‍ വിശ്വസിക്കുന്നത്. മൂടികെട്ടിയ അന്തരീക്ഷം മുതലാക്കുവാനായി താനും ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തേനെ എന്ന് വിരാട് പറഞ്ഞു. ശരിയായ സ്ഥാനങ്ങളില്‍ പന്തെറിഞ്ഞിരുന്നുവെങ്കില്‍ ബൗളര്‍മാര്‍ക്ക് പിന്തുണ നല്‍കുന്ന പിച്ചായിരുന്നു ഇതെന്ന് വിരാട് പറഞ്ഞു.
ഇന്ത്യയുടെ ഇന്നിംഗ്സിന്റെ അവസാന പകുതിയോടെ മാത്രമാണ് പിച്ചില്‍ നിന്ന് ടേണ്‍ ലഭിച്ചത്. പിച്ച് ഒരു പോലെ ബൗളിംഗിനെയും ബാറ്റിംഗിനെയും പിന്തുണയ്ക്കുന്ന ഒന്നായിരുന്നുവെന്നും വിരാട് വ്യക്തമാക്കി. ആദ്യ മത്സരം രോഹിത് ഒറ്റയ്ക്ക് തങ്ങളെ വിജയിപ്പിച്ചപ്പോള്‍ ഇന്നും രോഹിത്തിന്റെ ദിവസമായിരുന്നുവെന്ന് മാച്ച് പ്രസന്റേഷന്‍ സമയത്ത് വിരാട് പറഞ്ഞു. 330 റണ്‍സിലേക്ക് എത്തുക എന്നത് ഒരു ടീം എഫേര്‍ട്ട് ആണ്. രാഹുലും രോഹിത്തും ഒരുക്കിയ അടിത്തറയാണ് ടീമിന്റെ ഈ സ്കോറിനു പിന്നിലെന്നും രോഹിത്തിന്റെ ഈ ഇന്നിംഗ്സ്, തനിക്കും ഹാര്‍ദ്ദിക്കിനുമെല്ലാം അടിച്ച് കളിക്കുവാന്‍ പ്രഛോദനമായെന്നും വിരാട് പറഞ്ഞു.