പാകിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് ബുദ്ധിശൂന്യനെപോലെയാണ് ഇന്ത്യക്കെതിരായ പാകിസ്ഥാന്റെ മത്സരത്തിൽ പെരുമാറിയതെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. ടോസ് ലഭിച്ചിട്ടും ഇന്ത്യയെ ബാറ്റിങ്ങിന് അയച്ച സർഫറാസിന്റെ നടപടിയാണ് മുൻ ഫാസ്റ്റ് ബൗളറായ ഷൊഹൈബ് അക്തറിനെ ചൊടിപ്പിച്ചത്.
2017 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്ത്യ ആവർത്തിച്ച അതെ തെറ്റ് പാകിസ്ഥാൻ ഇത്തവണ അവർത്തിക്കുകയായിരുന്നെന്നും അക്തർ പറഞ്ഞു. പാകിസ്ഥാന് മത്സരം ചേസ് ചെയ്യാനുള്ള കഴിവ് ഇല്ലെന്നും പാകിസ്ഥാന്റെ ശക്തി ബൗളിംഗ് ആണെന്ന് സർഫറാസ് എന്ത് കൊണ്ട് മനസ്സിലാക്കിയില്ലെന്നും അക്തർ ചോദിച്ചു. ടോസ് വിജയിച്ചപ്പോൾ തന്നെ പാകിസ്ഥാൻ മത്സരം പകുതി ജയിച്ചിരുന്നുവെന്നും എന്നാൽ സർഫറാസ് മത്സരം തോൽക്കാൻ വേണ്ടതെല്ലാം ചെയ്തുവെന്നും മുൻ ഫാസ്റ്റ് ബൗളർ ആരോപിച്ചു.
ആദ്യം ബാറ്റ് ചെയ്ത് 260 റൺസ് പാകിസ്ഥാൻ നേടിയാൽപോലും അത് പ്രതിരോധിക്കാൻ പാകിസ്ഥാൻ ബൗളർമാർക്ക് കഴിയുമായിരുന്നെന്നും അക്തർ പറഞ്ഞു. വളരെദുഃഖിപ്പിക്കുന്നതും നിരാശയുളവാക്കുന്നതുമായ പ്രകടനമാണ് സർഫറാസ് നടത്തിയതെന്നും അക്തർ പറഞ്ഞു. ഫാസ്റ്റ് ബൗളർ ഹസൻ അലിയെയും അക്തർ നിശിതമായി വിമർശിച്ചു. മത്സരത്തിൽ 9 ഓവറിൽ ഹസൻ അലി 84 റൺസ് വഴങ്ങിയിരുന്നു.