ലോകകപ്പിനു മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തിൽ പാകിസ്താന് തോൽവി. ഹൈദരാബാദിൽ ന്യൂസിലൻഡിനെ നേരിട്ട പാകിസ്താൻ അഞ്ചു വിക്കറ്റിന്റെ തോൽവി ആണ് ഏറ്റുവാങ്ങിയത്. പാകിസ്താൻ ഉയർത്തിയ 346 എന്ന ലക്ഷ്യം 43.4 ഓവറിൽ ന്യൂസിലൻഡ് മറികടന്നു. ഓപ്പണറായ രചിൻ രവീന്ദ്ര 72 പന്തിൽ നിന്ന് 97 റൺസ് അടിച്ച് ന്യൂസിലൻഡ് ടോപ് സ്കോറർ ആയി.
ദീർഘകാല പരിക്കിനു ശേഷം തിരികെയെത്തിയ കെയ്ൻ വില്യംസൺ 50 പന്തിൽ 54 റൺസ് എടുത്ത് വിജയത്തിൽ നിർണായക പങ്കുവഹിച്ചു. 54 റൺസിൽ നിൽക്കെ വില്യംസൺ റിട്ടയർ ചെയ്യുകയായിരുന്നു. 59 റൺസ് എടുത്ത മിച്ചലും റിട്ടയർ ചെയ്തു.
33 റൺസ് അടിച്ച നീഷാമും 41 പന്ത നിന്ന് 65 റൺസ് അടിച്ച് പുറത്താകാതെ നിന്ന് ചാപ്മാനും ന്യൂസിലൻഡ് വിജയം എളുപ്പത്തിലാക്കി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ 50 ഓവറിൽ 345/5 റൺസ് ആണ് എടുത്തത്. റിസുവാൻ സെഞ്ച്വറി നേടിയപ്പോൾ ബാബർ അസമും സൗദ് ഷക്കീലും അർധ സെഞ്ച്വറികൾ നേടി.
റിസുവാൻ 93 പന്തിൽ 104 റൺസ് നേടിയ ശേഷം റിട്ടയർ ചെയ്തു. 2 സിക്സും 9 ഫോറും അടങ്ങുന്നത് ആയിരുന്നു റിസുവാന്റെ ഇന്നിംഗ്സ്. ഇന്ത്യയിൽ തന്റെ ആദ്യ മത്സരത്തിന് ഇറങ്ങിയ ക്യാപ്റ്റൻ ബാബർ അസം 84 പന്തിൽ നിന്ന് 80 റൺസ് എടുത്തു പുറത്തായി. 2 സിക്സും 8 ഫോറും അദ്ദേഹത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു.
അവസാനം അഗ സൽമാനും സൗദ് ഷക്കീലും ചേന്നാണ് മികച്ച സ്കോറിലേക്ക് പാകിസ്താനെ എത്തിച്ചത്. സൗദ് ഷക്കീൽ 53 പന്തിൽ നിന്ന് 75 റൺസ് എടുത്തു. നാലു സിക്സും 5 ഫോറും ഷക്കീൽ പറത്തി. അഗ സൽമാൻ 23 പന്തിൽ 33 റൺസും എടുത്തു. ന്യൂസിലൻഡിനായി സാന്റ്നർ 2 വിക്കറ്റ് വീഴ്ത്തി. മാറ്റ് ഹെൻറി, നീഷാം, ഫെർഗൂസൺ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.