തങ്ങള്‍ ക്രിക്കറ്റിന്റെ സമസ്ത മേഖലയിലും പിന്തള്ളപ്പെട്ട് പോയെന്ന് പറഞ്ഞ് ദിമുത് കരുണാരത്നേ. ഇന്നലെ ആദ്യ പന്തില്‍ വിക്കറ്റ് നഷ്ടമായെങ്കിലും കുശല്‍ പെരേര-അവിഷ്ക ഫെര്‍ണാണ്ടോ കൂട്ടുകെട്ട് നല്‍കിയ മികച്ച തുടക്കം കൈമോശം വരുത്തിയത് ടീമിന് വിനയായി എന്ന് ശ്രീലങ്കന്‍ നായകന്‍ പറഞ്ഞു. സ്ട്രൈക്ക് കൈമാറുവാനോ സിംഗിളുകള്‍ എടുക്കുവാനോ ടീമിനായില്ലെന്നും കരുണാരത്നേ വ്യക്തമമാക്കി.
200നടുത്ത് റണ്‍സ് മാത്രമാണ് ടീമിന്റെ കൈവശമുണ്ടായിരുന്നത്. മത്സരം പുരോഗമിക്കും തോറും വിക്കറ്റ് മെച്ചപ്പെടുകയായിരുന്നു. തുടക്കത്തിലെ വിക്കറ്റുകള്‍ ആവശ്യമായിരുന്നുവെങ്കിലും മലിംഗയ്ക്കൊഴികെ ആര്‍ക്കും സമ്മര്‍ദ്ദം സൃഷ്ടിക്കാനായില്ലെന്നും കരുണാരത്നേ പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞുവെന്നും അവരുടെ ഫീല്‍ഡര്‍മാര്‍ സമ്മര്‍ദ്ദം സൃഷ്ടിച്ച് ടീമിനെ പ്രതിരോധത്തിലാക്കിയെന്നും ശ്രീലങ്കന്‍ നായകന്‍ അഭിപ്രായപ്പെട്ടു.
അടുത്ത രണ്ട് മത്സരങ്ങളില്‍ വിന്‍ഡീസിനെയും ഇന്ത്യയെയും പരാജയപ്പെടുത്തിയാല്‍ മാത്രമേ ടീമിനു സാധ്യതയുള്ളുവെന്നും ടീം തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് കരുതുന്നതെന്നും ദിമുത് വ്യക്തമാക്കി.