41 ഓവറില്‍ നിന്ന് ലക്ഷ്യമായ 187 റണ്‍സ് നേടുവാനാകാതെ അഫ്ഗാനിസ്ഥാന്‍ വീണപ്പോള്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ കടന്ന് കൂടി ശ്രീലങ്ക. 36.5 ഓവറില്‍ 201 റണ്‍സിനു ഓള്‍ഔട്ട് ആയ ശേഷം ആദ്യ ഇന്നിംഗ്സില്‍ പലപ്പോഴായി തടസ്സം സൃഷ്ടിച്ച മഴ മൂലം അഫ്ഗാനിസ്ഥാന്റെ ലക്ഷ്യം പുനര്‍ നിര്‍ണ്ണയിക്കുകയായിരുന്നു. 41 ഓവറില്‍ നിന്ന് 187 റണ്‍സാണ് വിജയിക്കുവാന്‍ അഫ്ഗാനിസ്ഥാന്‍ നേടേണ്ടിയിരുന്നത്.
താരതമ്യേന ഭേദപ്പെട്ട തുടക്കം ലഭിച്ച ടീമിനു 34 റണ്‍സ് ഒന്നാം വിക്കറ്റില്‍ നേടാനായെങ്കിലും ലസിത് മലിംഗ മുഹമ്മദ് ഷെഹ്സാദിനെ(7) പുറത്താക്കിയ ശേഷം കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ശ്രീലങ്ക സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. 57/5 എന്ന നിലയിലേക്ക് വീണ അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറര്‍ അപ്പോള്‍ 30 റണ്‍സ് നേടി ഹസ്രത്തുള്ള സാസായി ആയിരുന്നു.
ആറാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നൈബും നജീബുള്ള സദ്രാനും ചേര്‍ന്ന് ടീമിനെ കരകയറ്റുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് നുവാന്‍ പ്രദീപ് അഫ്ഗാനിസ്ഥാന്റെ വില്ലനായി എത്തുന്നത്. 64 റണ്‍സ് കൂട്ടുകെട്ടിനെ തകര്‍ത്ത് പ്രദീപ് നൈബിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി. അടുത്ത ഓവറില്‍ റഷീദ് ഖാനെയും പുറത്താക്കിയതോടെ കാര്യങ്ങള്‍ അഫ്ഗാനിസ്ഥാന് ശ്രമകരമായി.
43 റണ്‍സുമായി നജീബുള്ള സദ്രാന്‍ പൊരുതി നോക്കിയെങ്കിലും ഇന്നിംഗ്സിലെ 9ാം വിക്കറ്റായി താരം പുറത്തായപ്പോള്‍ ലക്ഷ്യം പിന്നെയും 42 റണ്‍സ് അകലെയായിരുന്നു. അധികം വൈകാതെ അഫ്ഗാനിസ്ഥാന്റെ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ ടീം നേടിയത് 152 റണ്‍സായിരുന്നു. 34 റണ്‍സിന്റെ തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്.