1992 ലോകകപ്പിലെ സമാനതകളെക്കുറിച്ച് ടീം ചിന്തിക്കുന്നില്ലെന്നും ഓരോ മത്സരങ്ങളും ഓരോ മത്സരമായി കണ്ട് മുന്നേറുക എന്നതാണ് ഇപ്പോള്‍ ടീമിന്റെ ലക്ഷ്യമെന്നും പറഞ്ഞ് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. 1992ല്‍ റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ ഇപ്പോളുള്ള അതേ ഫലങ്ങളായിരുന്നു പാക്കിസ്ഥാന് അന്നും ലഭിച്ചത്. ആദ്യ മത്സരത്തില്‍ വിന്‍ഡീസിനോട് തോറ്റ പാക്കിസ്ഥാന്റെ മൂന്നാം മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. എന്നിട്ട് സെമിയിലേക്ക് കടന്ന പാക്കിസ്ഥാന്‍ കപ്പ് സ്വന്തമാക്കിയാണ് നാട്ടിലേക്ക് മടങ്ങിയത്.
ഇപ്പോള്‍ സമാനമായ രീതിയിലാണ് ഇതുവരെയുള്ള ടൂര്‍ണ്ണമെന്റ് പാക്കിസ്ഥാനായി പുരോഗമിച്ചിരിക്കുന്നത്. എന്നാല്‍ അത്തരം കാര്യങ്ങളെക്കുറിച്ച് അധികം ചിന്തിക്കാനില്ലെന്നും ടീമെന്ന നിലയില്‍ ആത്മവിശ്വാസമുണ്ടെന്നും തങ്ങള്‍ക്ക് നല്ല പ്രകടനം പുറത്തെടുക്കുവാനാകുമെന്നും സര്‍ഫ്രാസ് പറഞ്ഞു. ന്യൂസിലാണ്ടിനെതിരെയുള്ള മത്സരം വരെ ടീമിന്റെ ഫീല്‍ഡിംഗ് മോശമായിരുന്നു, എന്നാല്‍ പരിശീലനത്തില്‍ കഠിന പ്രയത്നത്തിലൂടെ അതില്‍ മെച്ചം വരുത്താന്‍ ടീമിന് സാധിച്ചിട്ടുണ്ടെന്ന് സര്‍ഫ്രാസ് പറഞ്ഞു.
ആരാധകര്‍ എന്നും പാക്കിസ്ഥാന്‍ ടീമിനൊപ്പം ഉണ്ടായിട്ടുണ്ടെന്നും അവരുടെ പിന്തുണയ്ക്ക് വലിയ നന്ദിയുണ്ടെന്നും സര്‍ഫ്രാസ് പറഞ്ഞു.