ഈ ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടും എന്ന് പ്രവചിച്ച് ഓസ്ട്രേലിയൻ സ്പിന്നർ നഥാൻ ലിയോൺ. അഞ്ച് തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും രണ്ട് തവണ ജേതാക്കൾ ആയ ആതിഥേയരുമായ ഇന്ത്യയും നവംബർ 19 ന് അഹമ്മദാബാദിൽ നടക്കുന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടുമെന്ന് നഥാൻ ലിയോൺ പറഞ്ഞു.
“ഇത്തവണ ഓസ്‌ട്രേലിയ-ഇന്ത്യ ഫൈനൽ ആയിരിക്കുമെന്ന് ഞാൻ സത്യസന്ധമായി വിശ്വസിക്കുന്നു. ഇന്ത്യയാണ് എനിക്ക് ഫേവറിറ്റ് ആയി തോന്നുന്നത്. ഓസ്ട്രേലിയയും ഫൈനലിൽ എത്തും. അങ്ങനെ ഒരു ഫൈനൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു.” ലിയോൺ പറഞ്ഞു.
“ദക്ഷിണാഫ്രിക്ക ഇപ്പോഴും ശക്തമായ ബാറ്റിംഗ് ലൈനപ്പുള്ള ഒരു അപകടകരമായ ടീമാണെന്ന് ഞാൻ കരുതുന്നു. റാസി വാൻ ഡെർ ഡസ്സൻ, ഐഡൻ മാർക്രം, ഹെൻറിച്ച് ക്ലാസൻ, പിന്നെ ഡേവിഡ് മില്ലർ എന്നിങ്ങനെ അവരുടെ ബാറ്റിങ് ഡെപ്ത് വലുതാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇന്ത്യക്ക് മുഴുവൻ രാജ്യത്തിന്റെയും സമ്മർദ്ദമുണ്ട്, അവർ വിജയിക്കുമെന്ന് മാത്രമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഫൈനലിൽ ഓസ്‌ട്രേലിയക്ക് റൺസ് നേടാൻ ആയാൽ കിരീടവും നേടാൻ ആകും” ” അദ്ദേഹം പറഞ്ഞു.