ആരാധകരുടെ പിന്തുണ ആദ്യ മത്സരം മുതല്‍, മുഷ്ഫിക്കറുടെ ഇന്നിംഗ്സാണ് മത്സരം മാറ്റി മറിച്ചത്

Sayooj

ബംഗ്ലാദേശിന്റെ അഫ്ഗാനിസ്ഥാനെതിരായ വിജയത്തില്‍ മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയെങ്കിലും തന്റെ പ്രകടനത്തെക്കാള്‍ മുഷ്ഫിക്കുര്‍ റഹിമിന്റെ പ്രകടനമാണ് ഏറെ നിര്‍ണ്ണായകമായതെന്ന് പറഞ്ഞ് ഷാക്കിബ് അല്‍ ഹസന്‍. മുഷ്ഫിക്കുറിന്റെ ഇന്നിംഗ്സ് ഇല്ലായിരുന്നുവെങ്കില്‍ 262 എന്ന സ്കോറിലേക്ക് ബംഗ്ലാദേശ് എത്തില്ലായിരുന്നു. ഇത് ടീം എഫേര്‍ട്ടിലൂടെ നേടിയ വിജയമാണ്, ബാറ്റ് കൊണ്ടും ബോള് കൊണ്ടും പല താരങ്ങളും മികച്ച് നിന്ന മത്സരമാണിതെന്നും ഷാക്കിബ് പറഞ്ഞു.

താന്‍ തന്റെ 50 റണ്‍സിന് വേണ്ടി ഏറെ കഷ്ടപ്പെട്ടുവെന്നും അത്ര അനായാസമായ പിച്ചായിരുന്നില്ല സൗത്താംപ്ടണിലേതെന്നും ഷാക്കിബ് പറഞ്ഞു. അഞ്ച് വിക്കറ്റുകള്‍ നേടുവാനായത് ഏറെ സന്തോഷം നല്‍കുന്നു. കാണികള്‍ ആദ്യ മത്സരം മുതല്‍ ഞങ്ങളെ സഹായിക്കുന്നുണ്ടെന്നും അവരുടെ പ്രതീക്ഷ കാത്ത് സൂക്ഷിക്കുന്ന പ്രകടനം ടീമിനു പുറത്തെടുക്കാനായതില്‍ സന്തോഷമുണ്ടെന്നും ഷാക്കിബ് പറഞ്ഞു.

ലോകകപ്പിലെ ഈ ഫോമിനു കാരണം കഠിന പരിശ്രമവും പിന്നെ ഭാഗ്യവുമാണെന്നാണ് ഷാക്കിബ് പറയുന്നത്. രണ്ട് പ്രധാന മത്സരങ്ങള്‍ കൂടിയാണ് ഇനി ടീമിനുള്ളത്. ഇന്ത്യയ്ക്കെതിരെയും പാക്കിസ്ഥാനെതിരെയും. ഇന്നത്തെ വിജയം ഞങ്ങളുടെ ആത്മവിശ്വാസം ഏറെ ഉയര്‍ത്തുന്നു. ഈ വിജയത്തില്‍ നിന്ന് പ്രഛോദനം ഉള്‍ക്കൊണ്ട് ബാക്കി മത്സരങ്ങളില്‍ ടീം മികവ് പുലര്‍ത്തി സെമി സ്ഥാനം നേടുമെന്നാണ് വിശ്വാസമെന്നും ഷാക്കിബ് പറഞ്ഞു.