പരിശീലനത്തിനിടെ തലയ്ക്കടിയേറ്റ്, അപകടം ഒഴിവായി ബംഗ്ലാദേശ് താരം

Sayooj

ബംഗ്ലാദേശ് സ്പിന്നര്‍ മെഹ്ദി ഹസന്‍ ഇന്നലെ വലിയൊരു അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഞായറാഴ്ച്ച തങ്ങളുടെ പരിശീലനത്തിനിടെയാണ് താരത്തിന്റെ തലയ്ക്ക് അടികൊണ്ടത്. മഷ്റഫെ മൊര്‍തസ എറിഞ്ഞ പന്ത് സബ്ബിര്‍ റഹ്മാന്‍ അടിച്ചതാണ് അടുത്തതായി ബാറ്റിംഗിനെത്തുവാനിരുന്ന മെഹ്ദി ഹസന്റെ തലയ്ക്ക് കൊള്ളുന്നത്.

ആ സമയത്ത് ഇന്റര്‍വ്യൂ നല്‍കുകയായിരുന്നു മെഹ്ദി ഹസന്റെ തലയില്‍ പന്ത് കൊണ്ടതും താരം തറയില്‍ വീഴുകയായിരുന്നു. ടീം ഫിസിയോ എത്തിയതോടെ താരം സാധാരണ നിലയിലേക്ക് എത്തുകയായിരുന്നു. താരത്തിന് ബാറ്റ് ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും ടീം അതിന് അനുവദിച്ചില്ലെന്ന് ബിസിബി മീഡിയ മാനേജര്‍ റബീദ് ഇമാം പറഞ്ഞു.

അപകടകരമായ ഒന്നുമില്ലെങ്കിലും താരത്തിന്റെ കണ്‍കഷന്‍ റിപ്പോര്‍ട്ടുകള്‍ വരാനിരിക്കുന്നതേയുള്ളു. താരം ഇന്നത്തെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ കളിച്ചേക്കില്ലെന്നും അറിയുന്നുണ്ട്. ടീമിനെ നിലവില്‍ മുഹമ്മദ് സൈഫുദ്ദീന്‍, മൊസ്ദേക്ക് ഹൊസൈന്‍ എന്നിവരുടെ പരിക്ക് അലട്ടുന്നുണ്ട്. ഓസ്ട്രേലിയയ്ക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ ഇരു താരങ്ങളും മത്സരിച്ചിരുന്നില്ല.