ശ്രീലങ്കന്‍ ക്രിക്കറ്റിന് മലിംഗയുടെ സേവനങ്ങള്‍ ഇനി അധിക കാലം ഉണ്ടാകില്ലെന്ന് ഉറപ്പാണ്. ലോകകപ്പിന് ശേഷം തന്റെ വിരമിക്കലുണ്ടാകുമെന്നാണ് മലിംഗ പറഞ്ഞിരിക്കുന്നത്. ബംഗ്ലാദേശിനെതിരെ ഈ മാസം അവസാനം നടക്കുന്ന പരമ്പരയ്ക്ക് ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് തന്റെ വിരമിക്കലുണ്ടാകുമെന്ന് മലിംഗ അറിയിച്ചു കഴിഞ്ഞു.
മലിംഗയുടെ വിരമിക്കല്‍ ശ്രീലങ്കന്‍ ക്രിക്കറ്റിന് തീരാ നഷ്ടമായി മാറുമെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേ. ഏത് താരത്തിനുും തന്റെ കരിയര്‍ ഒരു ദിവസം അവസാനിപ്പിക്കേണ്ടി വരുമെന്ന് അറിയാം എന്നാല്‍ ഇത് പുതിയ താരങ്ങള്‍ക്ക് മുന്നോട്ട് വരുവാനുള്ള അവസരമാണെന്നും മലിംഗയ്ക്ക് പകരക്കാരനാകുവാന്‍ ആര്‍ക്കും ആകില്ലെങ്കിലും പുതിയ പ്രതിഭകള്‍ വരേണ്ടതുണ്ടെന്നും കരുണാരത്നേ പറഞ്ഞു.
ശ്രീലങ്കയുടെ ലോകകപ്പുകള്‍ക്ക് പിന്നിലുള്ള താരമാണ് മലിംഗ, ശ്രീലങ്കയുടെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാള്‍, അദ്ദേഹത്തിന്റെ നഷ്ടം മറികടക്കുക പ്രയാസകരമാണെങ്കിലും അതിനായി ടീം തയ്യാറാകണമെന്ന് ദിമുത് കരുണാരത്നേ പറഞ്ഞു. സെലക്ടര്‍മാര്‍ ടീമിനു വേണ്ടി പുതിയ പ്രതിഭകളെ കണ്ടെത്തേണ്ടതുണ്ടെന്നും ദിമുത് കരുണാരത്നേ പറഞ്ഞു.
ഇനിയൊരു ലോകകപ്പില്‍ താരം കളിക്കില്ലെങ്കിലും ലോകകപ്പില്‍ 56 വിക്കറ്റുകളുമായി മൂന്നാം സ്ഥാനത്താണ് മലിംഗ നിലവില്‍ സ്ഥിതി ചെയ്യുന്നത്. വസീം അക്രമിനെ ഇന്നലെ ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തില്‍ നേടിയ ഒരു വിക്കറ്റിലൂടെ മറികടക്കുവാന്‍ താരത്തിന് സാധിച്ചിരുന്നു.