ഡെൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ കളിക്കാൻ ഇറങ്ങുമ്പോൾ, തന്റെ പേരിലുള്ള പവലിയനു മുന്നിൽ കളിക്കുന്നത് വിചിത്രമായ അനുഭവമാണെന്ന് വിരാട് കോഹ്ലി. ഒക്ടോബർ 11ന് അഫ്ഗാനിസ്ഥാനെയാണ് ഇന്ത്യ ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വെച്ച് നേരിടുന്നത്. ഗ്രൗണ്ടിൽ അദ്ദേഹത്തിന്റെ പേരിൽ ഒരു പവലിയൻ 2019 മുതൽ ഡെൽഹി സ്റ്റേഡിയത്തിൽ ഉണ്ട്.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പങ്കിട്ട ഒരു വീഡിയോയിൽ, തന്റെ ഹോം ഗ്രൗണ്ടിൽ കളിക്കാനുള്ള സാധ്യതയെക്കുറിച്ച് കോഹ്‌ലിക്ക് എന്ത് തോന്നുന്നുവെന്ന് കെ എൽ രാഹുൽ ചോദിച്ചു. ഇതിനു മറുപടി പറയുക ആയിരുന്നു കോഹ്ലി.
“നിങ്ങൾ എല്ലാം ആരംഭിച്ച നിമിഷങ്ങളിലേക്ക് തിരികെ പോകുമ്പോൾ ഓർമ്മകൾ എപ്പോഴും നിങ്ങളുടെ മനസ്സിൽ പുതുമയുള്ളതാണ്, നിങ്ങൾക്ക് ഇപ്പോഴും അത് അനുഭവിക്കാൻ കഴിയും, കാരണം എല്ലാം ആരംഭിച്ചത് അവിടെയാണ്. അതിനാൽ ആ ഗ്രൗണ്ടിലേക്ക് തിരികെ പോകുന്നത് എല്ലായ്പ്പോഴും പ്രത്യേകമാണ്.” കോഹ്ലി പറയുന്നു.
“എന്റെ പേരിലുള്ള പവലിയന് മുന്നിൽ കളിക്കുന്നത് എനിക്ക് അൽപ്പം ബുദ്ധിമുട്ടാണ്, സത്യം പറഞ്ഞാൽ, എനിക്ക് ഇതിനെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടമല്ല, , പക്ഷേ ഞാൻ ഈ ഗ്രൗണ്ടിൽ തിരികെ എത്തി പഴയ നിമിഷങ്ങളും തുടക്ക കാലവും എല്ലാം വീണ്ടും കാണുമ്പോൾ വളരെ നന്ദി തോന്നുന്നു,” കോഹ്‌ലി പറഞ്ഞു.