ലോകകപ്പില്‍ തന്റെ കന്നി മത്സരം കളിച്ച ജസ്പ്രീത് ബുംറ പറയുന്നത് ആ കാര്യം തന്നെ അലട്ടിയതേയില്ലെന്നാണ്. തന്റെ ലോകകപ്പ് അരങ്ങേറ്റ മത്സരമാണെന്നത് താന്‍ ചിന്തിച്ചത് പോലുമില്ലെന്നാണ് ജസ്പ്രീത് ബുംറ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ന്യൂ ബോള്‍ ഷെയര്‍ ചെയ്ത താരം ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കിനെയും ഹഷിം അംലയെയും പുറത്താക്കി ദക്ഷിണാഫ്രിക്കയുടെ പതനത്തിനു തുടക്കും കുറിയ്ക്കുകയായിരുന്നു.
തന്റെ ആദ്യ സ്പെല്ലിലെ അഞ്ചോവറില്‍ താരം വെറും 13 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് 2 വിക്കറ്റ് നേടിയത്. പിന്നീട് വിക്കറ്റ് ലഭിച്ചില്ലെങ്കിലും 35 റണ്‍സാണ് തന്റെ പത്തോവര്‍ സ്പെല്ലില്‍ നിന്ന് ജസ്പ്രീത് വഴങ്ങിയത്. താന്‍ ഇത് ക്രിക്കറ്റിലെ മറ്റൊരു മത്സരം മാത്രമായാണ് കരുതിയത്, അതിനാല്‍ തന്നെ തന്റെ കന്നി ലോകകപ്പ് മത്സരമെന്ന സമ്മര്‍ദ്ദം തനിക്ക് തീരെ ഇല്ലായിരുന്നുവെന്നും ജസ്പ്രീത് ബുംറ വ്യക്തമാക്കി.
പിച്ചില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചതിനാല്‍ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നു. ശരിയായ ലെംഗ്ത്തില്‍ പന്തെറിഞ്ഞാല്‍ മാത്രം മതിയായിരുന്നു ഈ പിച്ചില്‍ എന്നും ജസ്പ്രീത് പറഞ്ഞു. ലോകകപ്പ് പോലെ വലിയ ടൂര്‍ണ്ണമെന്റില്‍ വിജയിച്ച് തുടങ്ങുവാനാകുന്നത് തന്നെ മികച്ച കാര്യമാണെന്നും ടീമിനു ഇത് ഇനിയും തുടരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജസ്പ്രീത് ബുംറ പറഞ്ഞു.