വിരാട് കോഹ്‍ലി ഒഴികെ മറ്റാര്‍ക്കും അത്ര അനായാസം ബാറ്റ് വീശുവാന്‍ സാധിക്കാതിരുന്നപ്പോള്‍ ഇന്ത്യയ്ക്ക് വിന്‍ഡീസിനെതിരെ 268 റണ്‍സ്. ഇന്ന് നടന്ന നിര്‍ണ്ണായകമായ മത്സരത്തില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത് തുടങ്ങിയ രോഹിത് ശര്‍മ്മയെ ആദ്യം തന്നെ നഷ്ടമായി. 18 റണ്‍സാണ് താരം നേടിയത്. പിന്നീട് രണ്ടാം വിക്കറ്റില്‍ രാഹുലും കോഹ്‍ലിയും ചേര്‍ന്ന് 69 റണ്‍സ് നേടിയെങ്കിലും തനിക്ക് ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റാനാകാതെ രാഹുല്‍ വീണ്ടും പുറത്താകുകയായിരുന്നു. 48 റണ്‍സാണ് താരം നേടിയത്.
വിജയ് ശങ്കര്‍ (14) വീണ്ടുമൊരു അവസരം കളഞ്ഞ് പുറത്തായപ്പോള്‍ കെമര്‍ റോച്ച് തന്റെ രണ്ടാം വിക്കറ്റ് നേടി. അധികം വൈകാതെ കേധാര്‍ ജാഥവിനെ(7) ഇന്ത്യയ്ക്ക് നഷ്ടമായതോടെ ഇന്ത്യയുടെ നില 140/4 എന്ന നിലയിലായി. ഇതിനിടെ ധോണിയെ പുറത്താക്കുവാനുള്ള അവസരം ഷായി ഹോപ് കൈവിട്ടു. അധികം വൈകാതെ 72 റണ്‍സ് നേടിയ വിരാട് കോഹ്‍ലിയെ ജേസണ്‍ ഹോള്‍ഡര്‍ പുറത്താക്കി.
പിന്നീട് ധോണി-ഹാര്‍ദ്ദിക് പാണ്ഡ്യ കൂട്ടുകെട്ടാണ് സ്കോര്‍ 200 കടത്തിയത്. ആറാം വിക്കറ്റില്‍ 70 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. 38 പന്തില്‍ 46 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയെയും മുഹമ്മദ് ഷമിയെയും പുറത്താക്കി ഷെല്‍ഡണ്‍ കോട്രെല്ലും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു. അവസാന ഓവറില്‍ 16 റണ്‍സ് നേടി ധോണി തന്റെ അര്‍ദ്ധ ശതകവും ഇന്ത്യയുടെ സ്കോര്‍ 268 റണ്‍സിലേക്കും എത്തിച്ചു. ധോണി 56 റണ്‍സുമായി പുറത്താകാതെ നിന്നു.