ഒക്‌ടോബർ 14ന് പാക്കിസ്ഥാനെതിരായ ഐസിസി ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യ പ്രത്യേക ജേഴ്സി ധരിക്കും എന്ന അഭ്യൂഹങ്ങൾ തള്ളി ബി സി സി ഐ. ഇന്ത്യ കാവി നിറത്തിലിള്ള ഒരു ജേഴ്സി ധരിക്കും എന്നായിരുന്നു അഭ്യൂഹങ്ങൾ വന്നത്. എന്നാൽ ഈ വാർത്ത അടിസ്ഥാന രഹിതമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) ഓണററി ട്രഷറർ ആശിഷ് ഷെലാർ ഞായറാഴ്ച പറഞ്ഞു.
“പാകിസ്ഥാനെതിരെ ടീം ഇന്ത്യ ഒരു ബദൽ മാച്ച് കിറ്റ് ധരിക്കുമെന്ന മാധ്യമ റിപ്പോർട്ടുകൾ ഞങ്ങൾ തള്ളിക്കളയുന്നു. ഈ റിപ്പോർട്ടുകൾ തികച്ചും അടിസ്ഥാനരഹിതവും ആരുടെയോ മനസ്സിൽ ഉയർന്ന സൃഷ്ടിയുമാണ്. 2023ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ നീല നിറത്തിലുള്ള ജേഴ്സിയിൽ തന്നെയാകും ടീം കളിക്കുക,” അദ്ദേഹം പറഞ്ഞു.
മുമ്പ് 2019 ലോകകപ്പിൽ ഇന്ത്യ രണ്ട് ജേഴ്സി അണിഞ്ഞിരുന്നു. അത് ഇംഗ്ലണ്ടും ഇന്ത്യയും ഒരേ നീല നിറങ്ങൾ ധരിക്കുന്നത് ഒഴിവാക്കാനായിരുന്നു. പാകിസ്താനെതിരെ അത്തരം പ്രശ്നങ്ങൾ ഒന്നും ഇല്ലായെന്ന് ബി സി സി ഐ പറയുന്നു.