2003 ലോകകപ്പ് ഫൈനൽ ഒരു ഇന്ത്യക്കാരനും ഓർക്കാൻ ഇഷ്ടപ്പെടുന്നുണ്ടാകില്ല. ഇന്ത്യയുടെ ലോകകപ്പ് സ്വപ്നം ഓസ്ട്രേലിയ എന്ന ഏകദിന ക്രിക്കറ്റ് അന്ന് കണ്ട ഏറ്റവും മികച്ച ടീമിന് മുന്നിൽ അസ്തമിച്ച ദിവസം. 20 വർഷങ്ങൾക്ക് ഇപ്പുറം ആ പരാജയത്തിന് കണക്കു തീർക്കാൻ ഇന്ത്യക്ക് അവസരം വന്നിരിക്കുകയാണ്. അഹമ്മദാബാദിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഓസ്ട്രേലിയ ആകും ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ആയി എത്തുന്നത്.
അന്ന് ഓസ്ട്രേലിയ ആയിരുന്നു ലോകകത്തെ വിറപ്പിച്ചിരുന്ന ടീമെങ്കിൽ ഇന്ന് അത് ഇന്ത്യ ആണ്. അന്ന് പത്ത് മത്സരങ്ങൾ തുടർച്ചയായി ജയിച്ചായിരുന്നു ഓസ്ട്രേലിയ ഫൈനലിൽ എത്തിയത്. ഇന്ന് ഇന്ത്യയും അതുപോലെ പത്ത് മത്സരങ്ങൾ ജയിച്ചാണ് ഫൈനലിൽ എത്തിയിരിക്കുന്നത്. അന്ന് 2003ൽ ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രേലിയയും ഇന്ത്യയും ഏറ്റുമുട്ടിയപ്പോൾ ഓസ്ട്രേലിയ ഏകപക്ഷീയമായി വിജയിച്ചിരുന്നു. ഇത്തവണ ഇന്ത്യ ലീഗ് ഘട്ടത്തിൽ ഓസ്ട്രേലിയയെ തകർത്തിരുന്നു.
അന്നത്തെ ഓസ്ട്രേലിയക്കും ഇന്നത്തെ ഇന്ത്യക്കും തമ്മിൽ അങ്ങനെ ഒരുപാട് സാമ്യങ്ങൾ. ഇനി ഫൈനലിൽ കൂടെ ഇന്ത്യ വിജയിക്കണം. അപ്പോൾ 2003 നമ്മുക്ക് മറക്കാം. ഓസ്ട്രേലിയയെ തോൽപ്പിച്ച് മൂന്നാം ലോകകപ്പും സ്വന്തമാക്കാം. 2003ൽ ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ നേടിയത് അവരുടെ മൂന്നാം ലോകകപ്പ് ആയിരുന്നു.