ഏറെ നാള്‍ കൂടിയിട്ടാണ് ശ്രീലങ്കയ്ക്ക് മികച്ച തുടക്കം ലഭിച്ചതെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായതോടെ ടീം പ്രതിരോധത്തിലായെന്ന് സമ്മതിച്ച് ക്യാപ്റ്റന്‍ കരുണാരത്നേ. കുശല്‍ ജനിത് പെരേരയും ദിമുത് കരുണാരത്നേയും കൂടി ടീമിനെ 92 റണ്‍സിലേക്ക് ഒന്നാം വിക്കറ്റില് എത്തിച്ചിരുന്നു. ഒരു ഘട്ടത്തില്‍ 144/1 എന്ന നിലയില്‍ നിന്ന് ശ്രീലങ്ക മുഹമ്മദ് നബിയ്ക്ക് മുന്നില്‍ ചൂളുന്ന കാഴ്ചയാണ് കണ്ടത്.
149/5 എന്ന നിലയിലേക്കും പിന്നീട് 180/8 എന്ന നിലയിലേക്കും വീണ ടീമിനെ വാലറ്റത്തില്‍ സുരംഗ ലക്മല്‍(15*), ഇസ്രു ഉഡാന(10) എന്നിവരുടെ ചെറുത്ത്നില്പാണ് 201 റണ്‍സിലേക്ക് നയിച്ചത്. 78 റണ്‍സാണ് കുശല്‍ ജനിത് പെരേര നേടിയത്. ടീമിനു തുണയായത് ബൗളിംഗും ഫീല്‍ഡിംഗുമാണെന്നും ബാറ്റിംഗിലെ ഇത്തരം തെറ്റുകള്‍ തിരുത്തുവാന്‍ ടീം തയ്യാറാകണമെന്നും ദിമുത് പറഞ്ഞു.
ആദ്യ മത്സരത്തിലെ പരാജയത്തിനു ശേഷം പോസിറ്റീവായാണ് ടീം മത്സരത്തെ സമീപിച്ചതെന്നും അഫ്ഗാനിസ്ഥാന്‍ ഓപ്പണര്‍മാര്‍ക്ക് മികച്ച തുടക്കം ലഭിച്ചിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ശ്രീലങ്കയ്ക്ക് എതിരായെനേ എന്നും കരുണാരത്നേ പറഞ്ഞു. കൃത്യ സമയത്ത് വിക്കറ്റുകള്‍ വീഴ്ത്തി മത്സരത്തിലേക്ക് തിരികെ വന്നതിനു ബൗളര്‍മാര്‍ക്ക് എല്ലാ ക്രെഡിറ്റും നല്‍കുന്നുവെന്നും ശ്രീലങ്കന്‍ നായകന്‍ പറഞ്ഞു.