കടുത്ത പിച്ചിലും പക്വതയോടെ രോഹിത്, ഇന്ത്യയുടെ ബൗളിംഗ് അത്യുജ്ജ്വലം

Sayooj

ബാറ്റിംഗിനു ദുഷ്കരമായ പിച്ചില്‍ മികവ് പുലര്‍ത്തിയതാണ് ഇന്ത്യയുടെ വിജയത്തിന് കാരണമെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. തുടക്കത്തില്‍ പേസര്‍മാരും മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരും വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇന്ത്യയുടെ ബൗളിംഗ് അതിശക്തമാണെന്ന് എല്ലാം മേഖലകളിലും അവരുടെ ആധിപത്യമാണെന്നും ഫാഫ് പറഞ്ഞു. അവസാന ഓവറുകളില്‍ ഭേദപ്പെട്ട സ്കോര്‍ നേടുവാന്‍ ദക്ഷിണാഫ്രിക്കയ്ക്കായെങ്കിലും രോഹിത്തിന്റെ ബാറ്റിംഗ് ടീമിന്റെ സാധ്യതകളെ ഇല്ലാതാക്കിയെന്നും ദക്ഷിണാഫ്രിക്കന്‍ നായകന്‍ പറഞ്ഞു.

ഭാഗ്യത്തിന്റെ തുണയുണ്ടായിരുന്നുവെങ്കിലും ക്രീസില്‍ നങ്കൂരമിട്ട് ശതകം നേടിയതാണ് താരത്തിന്റെ പ്രത്യേകതയെന്നും അതായിരുന്നു ഇരു ടീമുകളിലെയും ബാറ്റ്സ്മാന്മാര്‍ തമ്മിലുള്ള വ്യത്യാസമെന്നും ഫാഫ് ഡു പ്ലെസി പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തുടക്കം ലഭിച്ച താരങ്ങളാരും തങ്ങളുടെ ഇന്നിംഗ്സ് അവസാനം വരെ കൊണ്ടുപോകുവാന്‍ ശ്രമിച്ചില്ലെന്നും അത് വളരെ വലിയ വ്യത്യാസമാണെന്നും ഫാഫ് പറഞ്ഞു.