തുടർച്ചയായി രണ്ടു മത്സരങ്ങൾ തോറ്റെങ്കിലും ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന് ഉള്ളതാണെന്ന് ഇംഗ്ലണ്ട് സൂപ്പർ താരം ബെൻ സ്റ്റോക്സ്. ഓസ്ട്രേലിയക്കെതിരെ തോറ്റതിന് ശേഷം സംസാരിക്കുകയായിരുന്നു താരം. ശ്രീലങ്കയോട് 20 റൺസിന്റെ ഞെട്ടിക്കുന്ന തോൽവിയേറ്റു വാങ്ങിയ ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം ഓസ്ട്രേലിയയോടും തോറ്റിരുന്നു. 64 റൺസിനാണ് ഇംഗ്ലണ്ട് ഓസ്ട്രേലിയയോട് തോറ്റത്.
ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പ് കിരീടം നേടാൻ ഏറ്റവും സാധ്യത കൽപ്പിച്ച ടീമായിരുന്നു ഇംഗ്ലണ്ട്. തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇംഗ്ലണ്ട് തുടർച്ചയായി രണ്ടു മത്സരങ്ങൾ പരാജയപ്പെട്ടതോടെ സെമി സാധ്യത തുലാസിലായിരുന്നു. എന്നാൽ രണ്ടു മത്സരങ്ങൾ തോറ്റെങ്കിലും ഇപ്പോഴും കിരീടം നേടാൻ ഇംഗ്ലണ്ടിന് തന്നെയാണ് സാധ്യതയെന്ന് സ്റ്റോക്സ് പറഞ്ഞു.
ഇംഗ്ലണ്ടിന് വേണ്ടി ആദ്യ ലോകകപ്പ് നേടികൊടുക്കുകയെന്ന ലക്ഷ്യവുമായി ഇറങ്ങിയ സ്റ്റോക്സും സംഘവും കഴിഞ്ഞ നാല് വർഷമായി ഏകദിനത്തിൽ മികച്ച ഫോമിലാണ്. 2015ന് ശേഷം ആദ്യമായിട്ടാണ് ഇംഗ്ലണ്ട് സ്വന്തം തുടർച്ചയായി രണ്ടു മത്സരങ്ങൾ തോൽക്കുന്നത്. ഇംഗ്ലണ്ടിന് ലോകകപ്പിന് ബാക്കിയുള്ള രണ്ടു മത്സരങ്ങളിൽ ന്യൂസിലാൻഡും ഇന്ത്യയുമാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. ന്യൂസിലാൻഡിനും ഇന്ത്യക്കുമെതിരെ ഇംഗ്ലണ്ടിന് മികച്ച റെക്കോർഡാണ് ഉള്ളതെന്നും മികച്ച പ്രകടനം പുറത്തെടുത്ത് ജയിക്കാൻ ശ്രമിക്കുമെന്നും സ്റ്റോക്സ് പറഞ്ഞു.