താൻ ഇനി ഇന്ത്യൻ ടീമിനൊപ്പം ഉണ്ടാകുമോ എന്ന കാര്യം പിന്നീട് തീരുമാനിക്കും എന്ന് രാഹുൽ ദ്രാവിഡ്. ഇന്ത്യൻ പരിശീലകന്റെ കരാർ ഇന്നലെ നടന്ന ഫൈനലോടെ അവസാനിച്ചിരുന്നു. ദേശീയ ടീമുമായുള്ള തന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാൻ സമയം വേണം എന്ന് ദ്രാവിഡ് പറഞ്ഞു.
ദ്രാവിഡ് തന്റെ രണ്ട് വർഷത്തെ കാലയളവിൽ ഇന്ത്യയെ രണ്ട് ഐസിസി ടൂർണമെന്റ് ഫൈനലുകളിലേക്കും ഒരു സെമി ഫൈനലിലേക്കും ടീമിനെ നയിച്ചിട്ടുണ്ടെങ്കിലും ദ്രാവിഡ് ചുമതല ഒഴിയും എന്നാണ് സൂചന.
“ഞാൻ ഭാവിയെ കുറിച്ച് ചിന്തിച്ചിട്ടില്ല. എനിക്ക് ഇതിനെക്കുറിച്ച് ചിന്തിക്കാൻ സമയമില്ലായിരുന്നു. അതെ, സമയം കിട്ടുമ്പോൾ ഞാൻ ആലോചിച്ച് തീരുമാനം എടുക്കും” അദ്ദേഹം പറഞ്ഞു.
“ഞാൻ പൂർണ്ണമായും ഇന്ത്യയുടെ ലോകകപ്പ് കാമ്പെയ്‌നിൽ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചത്, എന്റെ മനസ്സിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് ഞാൻ ചിന്തിച്ചിട്ടില്ല.”
“സത്യം പറഞ്ഞാൽ, ഞാൻ ശരിക്കും എന്നെത്തന്നെ വിലയിരുത്താനും വിശകലനം ചെയ്യാനുമുള്ള ആളല്ല. ഇന്ത്യക്ക് ഒപ്പം പ്രവർത്തിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്.” ദ്രാവിഡ് പറഞ്ഞു.
അടുത്ത വർഷം യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലും നടക്കുന്ന ടി20 ലോകകപ്പിനെ കുറിച്ച് താൻ ഇപ്പോൾ ചിന്തിച്ചിട്ടില്ല എന്നും ദ്രാവിഡ് പറഞ്ഞു.