ലോകകപ്പിൽ ഞായറാഴ്ച നടക്കുന്ന പാകിസ്ഥാനെതിരെയുള്ള ക്ലാസിക് പോരാട്ടം ഇന്ത്യൻ താരങ്ങളുടെ മികച്ച പ്രകടനം പുറത്തുകൊണ്ടുവരുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. പാകിസ്ഥാനെതിരെയുള്ള മത്സരം വളരെ വലിയൊരു മത്സരമാണെന്നും അതിൽ ഭാഗമാവാൻ കഴിഞ്ഞത് ഒരു ആംഗീകാരമായി കാണുന്നുവെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.
മുഴുവൻ ക്രിക്കറ്റ് ആരാധകരും ഉറ്റുനോക്കുന്ന ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം ഇംഗ്ലണ്ടിലെ ഓൾഡ് ട്രാഫോർഡിൽ ആണ് നടക്കുന്ന. ലോകകപ്പ് മത്സരത്തിൽ ഇതുവരെ ഇന്ത്യൻ ടീമിനെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്ന നാണക്കേടുമായാണ് പാകിസ്ഥാൻ ഇന്ത്യയെ നേരിടാൻ ഇറങ്ങുന്നത്.
പരിക്കേറ്റ ശിഖർ ധവാന്റെ കയ്യിൽ പ്ലാസ്റ്റർ ഉണ്ടെന്നും സെമി ഫൈനൽ പോരാട്ടം ആവുന്ന സമയത്തേക്ക് താരം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പറഞ്ഞു. ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഇന്ത്യ സൗത്ത് ആഫ്രിക്കയെയും ഓസ്ട്രേലിയയെയും തോൽപ്പിച്ചിരുന്നു. ന്യൂസിലാൻഡുമായുള്ള മൂന്നാമത്തെ മത്സരം മഴ മൂലം നടന്നിരുന്നില്ല.