ടീമിന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ സപ്പോര്‍ട്ട് സ്റ്റാഫിനു വലിയ റോള്‍

Sayooj

ബംഗ്ലാദേശിന്റെ അടുത്തിടെയുള്ള വിജയങ്ങള്‍ക്ക് പിന്നില്‍ എടുത്ത് പറയേണ്ടത് സപ്പോര്‍ട്ട് സ്റ്റാഫിന്റെ റോളാണെന്ന് ഷാക്കിബ് അല്‍ ഹസന്‍. ഇന്നലെ വിന്‍ഡീസിനെതിരെയുള്ള ലോകകപ്പ് ജയത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു താരം. ടീമിന്റെ ഡ്രെസ്സിംഗ് റൂം അത്രയും കൂളാണെന്നും അതാണ് ടീമിന്റെ ഈ വിജയങ്ങള്‍ക്ക് പിന്നിലെ പ്രധാന ഘടകമെന്നും ഷാക്കിബ് പറഞ്ഞു. ഫലമെന്ത് തന്നെ ആയാലും സമ്മര്‍ദ്ദമില്ലാത്തൊരു അന്തരീക്ഷമാണ് കുറച്ച് നാളായി ബംഗ്ലാദേശിന്റെ ഡ്രെസ്സിംഗ് റൂം.

അയര്‍ലണ്ടിലെ മത്സരങ്ങള്‍ ടീമിനു വലിയ മാറ്റമാണ് വരുത്തിയതെന്നും ഷാക്കിബ് പറഞ്ഞു. അവിടെ അയര്‍ലണ്ടിനെതിരെയും വിന്‍ഡീസിനെതിരെയും എല്ലാ മത്സരങ്ങളും ബംഗ്ലാദേശ് ചേസ് ചെയ്താണ് വിജയിച്ചത്. ആ മത്സര പരിചയം ടീമിനു ഇന്നലെ ഗുണം ചെയ്തുവെന്നും ഷാക്കിബ് പറഞ്ഞു. ചേസ് ചെയ്യുകയായിരുന്നുവെങ്കിലും വലിയ ഷോട്ടുകള്‍ ഉതിര്‍ക്കേണ്ടി വരുമെന്ന ചിന്ത ഒരിക്കലും ടീമിനെ അലട്ടിയില്ലെന്നും ഷാക്കിബ് പറഞ്ഞു. ക്രിക്കറ്റിംഗ് ഷോട്ടുകള്‍ കളിച്ചാണ് ഈ കൂറ്റന്‍ടികള്‍ ടീമിലെ എല്ലാവരും നടത്തിയതെന്നും ഷാക്കിബ് പറഞ്ഞു.

ഇപ്പോളത്തെ ഈ സാഹചര്യം ഒരുക്കിയതിനു കോച്ചിംഗ് സ്റ്റാഫിനാണ് എല്ലാ ക്രെഡിറ്റും ലഭിക്കേണ്ടത്. മുമ്പാണെങ്കില്‍ ഇത്തരം സാഹചര്യത്തില്‍ ടീം പരിഭ്രാന്തരാകുമായിരുന്നു. ഇപ്പോള്‍ അതല്ല സ്ഥിതി. കോച്ചിംഗ് സ്റ്റാഫ് എപ്പോളും സംയമനം പാലിച്ച് കൂളായ സമീപനവുമായാണ് നില്‍ക്കാറെന്നും അത് ടീമിന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തുന്നുവെന്നും ബംഗ്ലാദേശിന്റെ ഓള്‍റൗണ്ടര്‍ പറഞ്ഞു.