ക്യാമറക്ക് മുൻപിൽ തന്നെ ഭയപെടുന്നെന്ന് പറയുന്നില്ലെങ്കിലും ബൗളർമാർ തന്നെ ഇപ്പോഴും ഭയപെടുന്നുണ്ടെന്ന് യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ. തന്റെ അഞ്ചാമത്തേയും അവസാനത്തെയും ലോകകപ്പിന് ഇംഗ്ലണ്ടിൽ എത്തുന്ന ക്രിസ് ഗെയ്ൽ ഇപ്പോഴും പല ബൗളർമാരുടെയും പേടി സ്വപ്നമാണ്. 20 കൊല്ലമായി ഇന്റർനാഷണൽ ക്രിക്കറ്റിൽ സജീവമായ ഗെയ്ലിന് അടുത്ത സെപ്റ്റംബറിൽ 40 വയസ്സ് തികയും. ഈ വർഷത്തിന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിനെതിരെ നാൾ മത്സരങ്ങൾ കളിച്ച ഗെയ്ൽ 39 സിക്സ് അടക്കം 424 റൺസ് നേടിയിരുന്നു. ഈ ലോകകപ്പിൽ ഏറ്റവും വിജയ സാധ്യതയുള്ള ടീമായ ഇംഗ്ലണ്ടിനെതിരെ ഗെയ്ൽ പുറത്തെടുത്ത പ്രകടനം ഏവരെയും ഞെട്ടിച്ചിരുന്നു.
തനിക്ക് ഇപ്പോൾ മുൻപുള്ളത് പോലെ വേഗതയില്ലെന്നും എന്നാൽ ബൗളർമാർ തന്നെ ഇപ്പോഴും പേടിക്കുന്നുണ്ടെന്നും ഗെയ്ൽ പറഞ്ഞു. ക്യാമറക്ക് മുൻപിൽ ഗെയ്‌ലിനെ ഭയപെടുന്നുണ്ടോ എന്ന് ബൗളർമാരോട് ചോദിച്ചാൽ അവർ ഇല്ല എന്ന് മാത്രമേ പറയു എന്നും ക്യാമറയില്ലാതെ ചോദിച്ചാൽ അവർ തന്നെ ഭയപ്പെടുന്നത് പറയുമെന്നും ഗെയ്ൽ പറഞ്ഞു. ഫാസ്റ്റ് ബൗളർമരോടുള്ള തന്റെ പോരാട്ടം തൻ ആസ്വദിക്കുന്നുണ്ടെന്നും ഗെയ്ൽ പറഞ്ഞു. ഐ.പി.എൽ ചരിത്രത്തിൽ ആദ്യമായി 300 സിക്സുകൾ നേടിയ ഗെയ്ൽ വിൻഡീസിന് ഇംഗ്ലണ്ടിൽ കിരീടം നേടാൻ സാധിക്കുമെന്നും പറഞ്ഞു.