ശ്രീലങ്കയ്ക്ക് ഈ ടൂര്‍ണ്ണമെന്റില്‍ ലഭിച്ചതില്‍ വെച്ചേറ്റവും മികച്ച ബാറ്റിംഗ് ട്രാക്കാണ് ഇന്നലെ ഓവലില്‍ ലഭിച്ചതെങ്കിലും ടീം അത് മുതലാക്കുവാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്ന് പറഞ്ഞ് ദിമുത് കരുണാരത്നേ. ബൗളിംഗില്‍ ആദ്യ 25 ഓവര്‍ ടീം മികച്ച് നിന്നുവെങ്കിലും പിന്നീട് ഫിഞ്ചും സ്മിത്തും ചേര്‍ന്ന് മത്സരം തട്ടിയെടുക്കുകയായിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ ടീം ശക്തമായ തിരിച്ചുവരവ് ബൗളിംഗിലും നടത്തി. 350നു മേല്‍ സ്കോര്‍ ചെയ്യുമെന്ന് കരുതിയ ഓസ്ട്രേലിയയെ 334 റണ്‍സില്‍ ഒതുക്കിയത് മികച്ച കാര്യം തന്നെയാണ്.
ബാറ്റിംഗിലും മികച്ച തുടക്കം ടീമിനു ലഭിച്ചുവെങ്കിലും ഈ അവസരങ്ങള്‍ തുടര്‍ന്ന് വന്ന ബാറ്റ്സ്മാന്മാര്‍ കൈവിട്ടപ്പോള്‍ ടീം തോല്‍വിയിലേക്ക് വീഴുകയായിരുന്നു. മധ്യ ഓവറുകളാണ് മുതലാക്കുവാന്‍ ശ്രീലങ്കയ്ക്ക് കഴിയാതെ പോയത്. തുടരെ വിക്കറ്റുകള്‍ വീണതും 50 ഓവര്‍ ബാറ്റ് ചെയ്യുവാനാകാതെ പോയതും ടീമിന്റെ ഗെയിം പ്ലാനുകളിലെ പാളിച്ചകളായി വേണം വിലയിരുത്തുവാനെന്നും കരുണാരത്നേ പറഞ്ഞു.
ടീമിന്റെ ചില മത്സരങ്ങള്‍ മഴ മൂലം നഷ്ടമായി, അടുത്ത ഏതാനും മത്സരങ്ങളില്‍ വിജയം നേടാനായാല്‍ ടീം ആദ്യ നാല് സ്ഥാനങ്ങളില്‍ തീര്‍ച്ചയായും ഉണ്ടാകുമെന്നും ദിമുത് കരുണാരത്നേ പറഞ്ഞു. ആദ്യം സെമിയിലേക്ക് എത്തിയ ശേഷം ഫൈനലിലേക്കുള്ള കാല്‍വെയ്പ്പിനെക്കുറിച്ച് ചിന്തിക്കാവുന്നതാണെന്നും ശ്രീലങ്കന്‍ നായകന്‍ പറഞ്ഞു.