ഏകദിനത്തിലെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്ന് ബംഗ്ലാദേശ് ഓസ്ട്രേലിയയ്ക്കെതിരെ നേടിയത്. 333/8 എന്ന സ്കോറില്‍ തങ്ങളുടെ 50 ഓവര്‍ അവസാനിച്ചപ്പോള്‍ ഇതേ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ 330/6 എന്ന മുന്‍ റെക്കോര്‍ഡ് ടീം തിരിത്തിയെങ്കിലും ജയം എന്നത് ടീമില്‍ നിന്ന് അകലം നിന്നു. പാക്കിസ്ഥാനെതിരെ നേടിയ 329 റണ്‍സും(2015 മിര്‍പൂര്‍) 326 റണ്‍സും(മിര്‍പൂരില്‍ 2014) ആയിരുന്നു ലോകകപ്പിനു മുമ്പ് ബംഗ്ലാദേശിന്റെ ഉയര്‍ന്ന സ്കോര്‍.
അവസാന പത്തോവറില്‍ 131 റണ്‍സ് നേടിയ ഓസ്ട്രേലിയയുടെ ബാറ്റിംഗ് വെടിക്കെട്ടാണ് മത്സരം ബംഗ്ലാദേശിന്റെ കൈയ്യില്‍ നിന്ന് തട്ടിയെടുത്തത്. 381 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്. 166 റണ്‍സുമായി ഡേവിഡ് വാര്‍ണര്‍ ഓസ്ട്രേലിയയ്ക്കായി കസറിയപ്പോള്‍ 102 റണ്‍സ് നേടി മുഷ്ഫിക്കുര്‍ റഹിം ബംഗ്ലാദേശിനു വേണ്ടി തിളങ്ങി. എന്നിരുന്നാലും മറ്റു താരങ്ങളില്‍ നിന്ന് വലിയ സ്കോര്‍ പിറക്കാതിരുന്നത് ടീമിനെ 48 റണ്‍സിന്റെ തോല്‍വിയിലേക്ക് തള്ളിയിട്ടു.