ഇന്നലെ അഗ്നിജ്വാലയായി ആളിക്കത്തിയ ഹാരിസ് സൊഹൈല്‍ തന്റെ 59 പന്തില്‍ നിന്നുള്ള 89 റണ്‍സിന്റെ ബലത്തില്‍ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയ ശേഷം പറഞ്ഞത് അവസരം കാത്ത് ഇലവന് പുറത്ത് ഇരിക്കുന്നത് ഏറെ പ്രയാസകരമായ കാര്യമാണെന്നാണ്. താരം ക്രീസിലെത്തിയ ശേഷമാണ് പാക്കിസ്ഥാന്റെ ഇന്നിംഗ്സിന് വേഗത കൈവരിച്ചത്. ബാബര്‍ അസവും മറ്റു താരങ്ങളുമെല്ലാം കരുതലോടെ ബാറ്റ് വീശിയപ്പോള്‍ ഹാരിസ് സൊഹൈല്‍ വന്ന് അടിച്ച് തകര്‍ക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് 38 പന്തില്‍ നിന്നാണ് സൊഹൈല്‍ തന്റെ അര്‍ദ്ധ ശതകം നേടിയത്.
ശതകത്തിന് 11 റണ്‍സ് അകലെ താരം കീഴടങ്ങിയെങ്കിലും ഈ ഇന്നിംഗ്സ് പാക്കിസ്ഥാനെ 300 കടത്തുവാന്‍ സഹായിച്ചു. തനിക്ക് ലഭിച്ച അവസരം കഴിവതും മുതലാക്കകു എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും അത് താന്‍ സാധിച്ചുവെന്നാണ് കരുതുന്നതെന്നും ഹാരിസ് പറഞ്ഞു. താന്‍ ക്രീസിലെത്തിയപ്പോള്‍ ബാബറുമായി ഒരു കൂട്ടുകെട്ട് പടുത്തുയര്‍ത്തണമെന്നായിരുന്നു ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടത്. എന്നാല്‍ ബാറ്റിംഗ് അതുവരെ അത്ര എളുപ്പമായിരുന്നില്ല പക്ഷേ താന്‍ തന്നെ വിശ്വസിച്ചുവെന്നും അത് ഫലം കണ്ടുവെന്നും ഹാരിസ് സൊഹൈല്‍ പറഞ്ഞു.