ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന സ്ക്വാഡ് പ്രഖ്യാപിക്കുന്നതിനിടെ ഇന്ത്യയ്ക്ക് വലിയ പിഴവ് സംഭവിച്ചതായി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ഒരു ഓഫ് സ്പിന്നറെ ടീമിൽ ചേർക്കുന്നത് തന്നെ ആവശ്യമില്ലാത്ത കാര്യമായിരിക്കെ ഓസ്‌ട്രേലിയ സീരീസിനായി ഇന്ത്യൻ ടീമിൽ രണ്ട് ഓഫ് സ്പിന്നർമാരെ വിളിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല എന്ന് ഹർഭജൻ പറഞ്ഞു.
“ഏഷ്യാ കപ്പ് സ്ക്വാഡിൽ ഇല്ലാതിരുന്ന വാഷിംഗ്ടൺ സുന്ദറിനെ ശ്രീലങ്കയിലേക്ക് വിളിച്ചതാണ് ഇന്ത്യക്ക് പറ്റിയ ആദ്യ പിഴവ്. അതിനുശേഷം, ഈ പരമ്പരയ്ക്കായി രണ്ടാമത്തെ കളിക്കാരനെയും അവർ ചേർത്തു, അതാണ് ആർ അശ്വിൻ. ഇന്ത്യ ഓഫ് സ്പിന്നർമാരെ തിരയുന്നു എന്ന് വേണം കരുതാൻ” ഹർഭജൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
“ടീമിൽ ഒരു ഓഫ് സ്പിന്നറെ തിരഞ്ഞെടുത്തിട്ടില്ലെന്നും ധാരാളം ഇടംകൈയ്യൻമാർ അവരുടെ മുന്നിൽ വന്നാൽ ഞങ്ങളുടെ ബൗളർമാർ കുഴപ്പത്തിലാകുമെന്നും ഇന്ത്യ ഇപ്പോൾ മനസ്സിലാക്കിയിരിക്കാം. അവരുടെ തെറ്റു തിരുത്താൻ ഇന്ത്യ മറ്റൊരു തെറ്റ് ചെയ്യാൻ പോകുന്നു എന്നാണ് തനിക്ക് തോന്നുന്നത്” ഹർഭജൻ പറഞ്ഞു.
“നിങ്ങൾ ഒരിക്കലും ടീമിൽ മൂന്ന് സ്പിന്നർമാരെ തിരഞ്ഞെടുക്കില്ല. നിങ്ങൾ പരമാവധി രണ്ടു താരങ്ങളെ തിരഞ്ഞെടുക്കും. രവീന്ദ്ര ജഡേജ തീർച്ചയായും കളിക്കാൻ പോകുന്നു, മറ്റേ സ്പിന്നർ കുൽദീപ് യാദവ് ആയിരിക്കും. ആർക്കും അവന്റെ സ്ഥാനത്ത് എത്താൻ ഇപ്പോൾ കഴിയില്ല.” – ഹർഭജൻ പറഞ്ഞു.