ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും നല്‍കിയ മിന്നും തുടക്കം കൈവിട്ട് ഓസ്ട്രേലിയ. ഇരുവരും ചേര്‍ന്ന് ഓസ്ട്രേലിയയെ ഒന്നാം വിക്കറ്റില്‍ 146 റണ്‍സിലേക്ക് നയിച്ച ശേഷം ഡേവിഡ് വാര്‍ണര്‍ തന്റെ ശതകം പൂര്‍ത്തിയാക്കിയെങ്കിലും വാര്‍ണര്‍ ഉള്‍പ്പെടെയുള്ള മറ്റു ഓസ്ട്രേലിയന്‍ വിക്കറ്റുകളെ കൃത്യമായ ഇടവേളകളില്‍ വീഴ്ത്തി ഓസ്ട്രേലിയയെ 307 റണ്‍സിലേക്ക് പിടിച്ചു കെട്ടുവാന്‍ പാക്കിസ്ഥാന്‍ കഴിയുകയായിരുന്നു. മുഹമ്മദ് അമീറിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് പാക്കിസ്ഥാനെ 49 ഓവറില്‍ ഓസ്ട്രേലിയയെ പുറത്താക്കുവാന്‍ സഹായിച്ചത്.
ഫിഞ്ച്(82) പുറത്തായ ശേഷം മികച്ചൊരു കൂട്ടുകെട്ട് നേടുവാന്‍ ഓസ്ട്രേലിയയ്ക്ക് സാധിച്ചിരുന്നില്ല. മുഹമ്മദ് അമീര്‍ ആണ് ഫിഞ്ചിനെ പുറത്താക്കി ഓസ്ട്രേലിയയ്ക്ക് ആദ്യ പ്രഹരം നല്‍കിയത്. സ്റ്റീവന്‍ സ്മിത്ത്(10), ഗ്ലെന്‍ മാക്സ്വെല്‍(20), ഷോണ്‍ മാര്‍ഷ്(23), ഉസ്മാന്‍ ഖവാജ(18) എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തി പാക്കിസ്ഥാന്‍ തിരിച്ചടിയ്ക്കുകയായിരുന്നു.
45 ഓവര്‍ പിന്നിടുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സാണ് ഓസ്ട്രേലിയ നേടിയിരുന്നത്. എന്നാല്‍ 16 റണ്‍സ് നേടുന്നതിനിടയില്‍ ശേഷിക്കുന്ന നാല് വിക്കറ്റുകള്‍ കൂടി ഓസ്ട്രേലിയയ്ക്ക് നഷ്ടമായി. അമീറിനു പുറമെ ഷഹീന്‍ അഫ്രീദി രണ്ടും ഹസന്‍ അലി, വഹാബ് റിയാസ്, മുഹമ്മദ് ഹഫീസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.