ചാമ്പ്യന്‍സ് ട്രോഫി നേടിയത് പോലെ വിജയവുമായി മടങ്ങി വരുവാന്‍ സര്‍ഫ്രാസിനാകട്ടെ – അക്തര്‍

Sports Correspondent

സന്നാഹ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് തോറ്റ് നില്‍ക്കുന്ന പാക്കിസ്ഥാനെതിരെ നാട്ടിലെ ആരാധകരുടെ രോഷം ഉയരുമ്പോളും ടീമിനു കിരീടവുമായി മടങ്ങിയെത്താമെന്ന പ്രതീക്ഷയില്‍ മുന്‍ പേസര്‍ ഷൊയ്ബ് അക്തര്‍. ആദ്യമായി ലോകകപ്പില്‍ ടീമിനെ നയിക്കുന്ന സര്‍ഫ്രാസ് അഹമ്മദിനോട് ചാമപ്്യന്‍സ് ട്രോഫിയില്‍ 2017ല്‍ ഇന്ത്യയെ കീഴടക്കിയത് പോലെ ലോകകപ്പിലും വിജയം കരസ്ഥമാക്കി നാട്ടിലേക്ക് മടങ്ങുവാനാണ് അക്തര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും ആശംസ അറിയിക്കുകയും ചെയ്തത്.

എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ശേഷം പലയിടത്തും ഇന്ത്യയോട് തോറ്റ ടീമിനെ നയിച്ചയാളും സര്‍ഫ്രാസ് ആണെങ്കിലും ലോകകപ്പില്‍ താരത്തിനു തിളങ്ങാനാകുമെന്നാണ് അക്തറിന്റെ പ്രതീക്ഷ. ലോകകപ്പുമായി സര്‍ഫ്രാസ് നാട്ടിലേക്ക് മടങ്ങട്ടെ എന്നാണ് അക്തറിന്റെ ആശംസ. പാക്കിസ്ഥാനെ 1999 ലോകകപ്പിന്റെ ഫൈനലിലേക്ക് എത്തിച്ചതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരമാണ് ഷൊയ്ബ് അക്തര്‍.