മികച്ച തുടക്കം പിന്നെ തകര്‍ന്ന് അഫ്ഗാനിസ്ഥാന്‍, അഞ്ച് വിക്കറ്റ് നേട്ടവുമായി ജെയിംസ് നീഷം, പൊരുതിയത് ഷഹീദി മാത്രം

Sayooj

ന്യൂസിലാണ്ടിനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് അഫ്ഗാനിസ്ഥാന്‍. ഓപ്പണര്‍മാരായ ഹസ്രത്തുള്ള സാസായി(34)യും നൂര്‍ അലി സദ്രാനും(31) നല്‍കിയ മികച്ച തുടക്കത്തിന്റെ ബലത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 66 റണ്‍സിലേക്ക് കുതിച്ച അഫ്ഗാനിസ്ഥാനെ ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ ജെയിംസ് നീഷം ആണ് എറിഞ്ഞിട്ടത്. സ്കോര്‍ 66ല്‍ നില്‍ക്കെ മൂന്ന് വിക്കറ്റാണ് അഫ്ഗാനിസ്ഥാന് നഷ്ടമായത്. തുടക്കത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി 70/4 എന്ന നിലയിലേക്ക് അഫ്ഗാനിസ്ഥാനെ തള്ളിയിട്ട ശേഷം പിന്നീട് രണ്ട് വിക്കറ്റും കൂടി നേടി ജെയിംസ് നീഷം തന്റെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു. 41.1 ഓവറിലാണ് അഫ്ഗാനിസ്ഥാന്റെ ഇന്നിംഗ്സ് അവസാനിച്ചത്. 172 റണ്‍സാണ് ടീം നേടിയത്.

10 ഓവറില്‍ നിന്ന് 31 റണ്‍സ് മാത്രമാണ് താരം വിട്ട് നല്‍കിയത്. അതേ സമയം 59 റണ്‍സുമായി പൊരുതി നിന്ന ഹസ്മത്തുള്ള ഷഹീദിയാണ് അഫ്ഗാനിസ്ഥാനെ 172 റണ്‍സിലേക്ക് എത്തിച്ചത്. ജെയിംസ് നീഷത്തിനു പുറമെ ലോക്കി ഫെര്‍ഗൂസണ്‍ നാല് വിക്കറ്റും കോളിന്‍ ഡി ഗ്രാന്‍ഡോം ഒരു വിക്കറ്റും നേടി.