ലോകകപ്പിൽ തങ്ങളുടെ മൂന്നാം വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍. കഴിഞ്ഞ മത്സരത്തിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയ ടീം ഇന്ന് ശ്രീലങ്കയ്ക്കെതിരെ വിജയം കരസ്ഥമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 241 റൺസ് നേടി ഓള്‍ഔട്ട് ആയപ്പോള്‍ 45.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാനിസ്ഥാന്റെ വിജയം.
റഹ്മാനുള്ള ഗുര്‍ബാസ് പൂജ്യത്തിന് പുറത്തായ ശേഷം മികച്ച ബാറ്റിംഗ് പ്രകടനമാണ് അഫ്ഗാനിസ്ഥാന്റെ ടോപ് ഓര്‍ഡര്‍ പുറത്തെടുത്തത്. റഹ്മത് ഷാ 62 റൺസ് നേടിയപ്പോള്‍ ഹസ്മത്തുള്ള ഷഹീദി 58 റൺസും അസ്മത്തുള്ള ഒമര്‍സായി 73 റൺസും നേടി ടീമിന്റെ വിജയ ശില്പികളായി.
രണ്ടാം വിക്കറ്റിൽ റഹ്മത് ഷാ – ഇബ്രാഹിം സദ്രാന്‍ കൂട്ടുകെട്ട് 73 റൺസ് നേടി അഫ്ഗാനിസ്ഥാനെ മുന്നോട്ട് നയിച്ചപ്പോള്‍ സദ്രാന്‍ 39 റൺസ് നേടി പുറത്തായി. മൂന്നാം വിക്കറ്റിൽ 58 റൺസ് റഹ്മത് ഷാ -ഹസ്മത്തുള്ള ഷഹീദി കൂട്ടുകെട്ട് നേടിയപ്പോള്‍ നിര്‍ണ്ണായകമായ കൂട്ടുകെട്ട് നാലാം വിക്കറ്റിൽ ഷദീഹി – ഒമര്‍സായി എന്നിവരുടേതായിരുന്നു.
111 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. അപരാജിത കൂട്ടുകെട്ട് അഫ്ഗാനിസ്ഥാനെ 46ാം ഓവറിൽ 7 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. വിജയത്തോടെ ശ്രീലങ്കയെയും പാക്കിസ്ഥാനെയും പിന്തള്ളി അഫ്ഗാനിസ്ഥാന്‍ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.