Nzwomen

8 റൺസ് വിജയം, ന്യൂസിലാണ്ട് ഫൈനലില്‍

129 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ വെസ്റ്റിന്‍ഡീസിനെ 120 റൺസിലൊതുക്കി വനിത ടി20 ലോകകപ്പ് ഫൈനലില്‍ ഇടം പിടിച്ച് ന്യൂസിലാണ്ട്.ഡിയാന്‍ഡ്ര ഡോട്ടിന്‍ ഓള്‍റൗണ്ട് പ്രകടനവുമായി വിന്‍ഡീസ് നിരയിൽ പൊരുതിയെങ്കിലും മറ്റു താരങ്ങളിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാതെ പോയതാണ് ടീമിന് തിരിച്ചടിയായത്.

ഡോട്ടിന്‍ 33 റൺസ് നേടി പുറത്തായപ്പോള്‍ 17 റൺസുമായി പുറത്താകാതെ നിന്ന ആമി ഫ്ലെച്ചര്‍ ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.അവസാന ഓവറിൽ ജയിക്കുവാന്‍ 15 റൺസായിരുന്നു വെസ്റ്റിന്‍ഡീസ് നേടേണ്ടിയിരുന്നത്.

സൈദ ജെയിംസ് ആദ്യ പന്തിൽ ബൗണ്ടറി നേടി വെസ്റ്റിന്‍ഡീസിന് മികച്ച തുടക്കം നൽകിയെങ്കിലും മൂന്നാം പന്തിൽ താരം പുറത്തായത് ടീമിന് തിരിച്ചടിയായി. 8 പന്തിൽ 14 റൺസായിരുന്നു ജെയിംസ് നേടിയത്. ഓവറിൽ നിന്ന് 6 റൺസ് മാത്രം പിറന്നതോടെ ന്യൂസിലാണ്ട് ഫൈനലുറപ്പിച്ചു.

3 വിക്കറ്റ് നേടിയ ഈഡന്‍ കാര്‍സൺ ആണ് ന്യൂസിലാണ്ടിന് വേണ്ടി തിളങ്ങിയത്. താരമാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. അമേലിയ കെര്‍ 2 വിക്കറ്റും നേടി.

നേരത്തെ ഡിയാന്‍ഡ്ര ഡോട്ടിന്‍ വെസ്റ്റിന്‍ഡീസിനായി 4 വിക്കറ്റ് നേടിയാണ് ന്യൂസിലാണ്ടിനെ 128/9 എന്ന സ്കോറിലൊതുക്കിയത്. 33 റൺസ് നേടി ജോര്‍ജ്ജിയ പ്ലിമ്മറും 26 റൺസ് നേടി സൂസി ബെയ്റ്റ്സുമാണ് ന്യൂസിലാണ്ടിനായി റൺസ് കണ്ടെത്തിയത്.

Exit mobile version