ഇന്ത്യൻ പ്രീമിയർ ലീഗ് ഈ വർഷം നടക്കണമെങ്കിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് മാറ്റിവെക്കേണ്ടിവരുമെന്ന് മുൻ ഇന്ത്യൻ പരിശീലകൻ അംശുമാണ് ഗെയ്ക്‌വാദ്. കോവിഡ്-19 വൈറസ് ബാധ കൊണ്ടുവന്ന പ്രതിസന്ധി മറികടക്കാൻ ക്രിക്കറ്റ് താരങ്ങൾ അവരുടെ എല്ലാ മാനസിക ശക്തിയും ഉപയോഗിക്കേണ്ടി വരുമെന്നും ഗെയ്ക്‌വാദ് പറഞ്ഞു.
നിലവിൽ ടി20 ലോകകപ്പ് നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ഉറപ്പില്ലെന്നും നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിനെ കുറിച്ച് ചിന്തിക്കാൻ കഴിയില്ലെന്നും ബി.സി.സിഐ അപെക്സ് കൗൺസിൽ മെമ്പർ കൂടിയായ ഗെയ്ക്‌വാദ് പറഞ്ഞു. ഇന്ത്യയിൽ സാഹചര്യങ്ങൾ അനുകൂലമാവുകയും ലോകകപ്പ് മാറ്റിവെക്കപ്പെടുകയും ചെയ്താൽ മാത്രമേ ഐ.പി.എൽ നടക്കുകയുള്ളൂ എന്നും ഗെയ്ക്‌വാദ് പറഞ്ഞു.
കൊറോണ വൈറസ് ബാധ നിയന്ത്രണ വിധേയമായതിന് ശേഷം ക്രിക്കറ്റ് പഴയതുപോലെയാവില്ലെന്നും സ്റ്റേഡിയങ്ങളിൽ കാണികൾ ഉണ്ടാവില്ലെന്നും ഗെയ്ക്‌വാദ് പറഞ്ഞു.