കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിലെ തോൽവി ഇപ്പോഴും വേദനിപ്പിക്കുന്നുണ്ടെന്ന് ഇന്ത്യൻ ബൗളിംഗ് പരിശീലകൻ ഭരത് അരുൺ. സെമി ഫൈനലിൽ ന്യൂസിലാൻഡിനോട് തോറ്റാണ് ഇന്ത്യ ലോകകപ്പ് ഫൈനൽ കാണാതെ പുറത്തായത്.
ലോകകപ്പിലെ തോൽവി ഇപ്പോഴും തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഉറപ്പിച്ച് മികച്ച തയ്യാറെടുപ്പുകളോടെയാണ് ലോകകപ്പിന് പോയതെന്നും ഭരത് അരുൺ പറഞ്ഞു. ലോകകപ്പ് പോലൊരു കിരീടം നേടാൻ വലിയ ആസൂത്രണത്തിന്റെ ആവശ്യം ഉണ്ടെന്നും അതിന് അനുസരിച്ചാണ് ലോകകപ്പിന് തയ്യാറായതെന്നും അരുൺ പറഞ്ഞു.
നിലവിൽ ഇന്ത്യയിൽ ലോക്ക് ഡൗണിൽ ഇളവ് വരുത്തിയാൽ ഓരോ ബാച്ചുകളായി ഇന്ത്യൻ ടീം പരിശീലനം നടത്തുമെന്നും ഇന്ത്യൻ ബൗളിംഗ് പരിശീലകൻ അറിയിച്ചു. നിലവിലുള്ള യാത്ര വിലക്കുകൾ അവസാനിച്ചതിന് ശേഷമാവും ഒരുമിച്ച് പരിശീലനം തുടങ്ങുകയെന്നും ഭരത് അരുൺ പറഞ്ഞു. ഒരു ഇന്റർനാഷണൽ മത്സരം കളിക്കുന്നതിന് മുൻപ് താരങ്ങൾക്ക് 6-8 ആഴ്ചകൾ വരെയുള്ള പരിശീലനം വേണമെന്നും ഇന്ത്യൻ ബൗളിംഗ് പരിശീലകൻ പറഞ്ഞു.