40-50 റണ്‍സ് അധികം നേടേണ്ടിയിരുന്നു, ബൗളിംഗില്‍ അച്ചടക്കം പാലിക്കേണ്ട സമയം അതിക്രമിച്ചു

Sayooj

ബാറ്റിംഗും ബൗളിംഗും സംയുക്തമായി പരാജയപ്പെട്ടതാണ് തങ്ങളുടെ തോല്‍വിയുടെ കാരണമെന്ന് പറഞ്ഞ് വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ടീം ആദ്യം ബാറ്റ് ചെയ്ത് 321 റണ്‍സ് നേടിയെങ്കിലും തങ്ങള്‍ 40-50 റണ്‍സ് കുറവായിരുന്നു നേടിയതെന്ന് ഹോള്‍ഡര്‍ പറഞ്ഞു. വിക്കറ്റ് മുഴുവന്‍ ദിവസവും ബാറ്റിംഗിനു അനുകൂലമായിരുന്നു. വേണ്ട വിധത്തില്‍ അത് ഉപയോഗിക്കുവാന്‍ വിന്‍ഡീസ് ബാറ്റ്സ്മാന്മാര്‍ക്ക് കഴിഞ്ഞില്ലെന്നും ആവശ്യത്തിനു റണ്‍സ് തങ്ങള്‍ നേടിയില്ലെന്നും വിന്‍ഡീസ് നായകന്‍ പറഞ്ഞു.

എന്നാല്‍ ബൗളിംഗില്‍ കൂടുതല്‍ അച്ചടക്കം പുലര്‍ത്തേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞുവെന്നും ബൗളിംഗിനൊപ്പം ഫീല്‍ഡിംഗിലും ടീം ഇന്ന് നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തതെന്ന് ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു. ആദ്യ പത്തോവര്‍ ബാറ്റിംഗ് ഏറെ ദുഷ്കരമായിരുന്നു. ടോസ് നഷ്ടമായി ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതൊരു ബുദ്ധിമുട്ടായി മാറി, എന്നാല്‍ പിന്നീട് റണ്‍സ് വന്നുവെങ്കിലും മധ്യ ഓവറുകളിലും ആ വേഗത കൈവരിക്കുവാന്‍ ടീമിനായില്ലെന്നാണ് താന്‍ കരുതുന്നതെന്ന് ഹോള്‍ഡര്‍ അഭിപ്രായപ്പെട്ടു.

ഇന്നിംഗ്സ് അവസാനത്തോടെ ഹെറ്റ്മ്യര്‍ പുറത്തായ ശേഷം ആ റണ്ണൊഴുക്ക് പൂര്‍ണ്ണമായും നഷ്ടമാകുകയും ബംഗ്ലാദേശിന്റെ തിരിച്ചുവരവിന് അത് വഴിയൊരുക്കുകയും ചെയ്തുവെന്ന് ഹോള്‍ഡര്‍ പറഞ്ഞു. ഫീല്‍ഡിഗംഗില്‍ രണ്ട് അവസരങ്ങള്‍ ആണ് ടീം നഷ്ടമാക്കിയത്. കൂടുതല്‍ ഒഴിവുകഴിവൊന്നുമില്ല കൂടുതല്‍ അച്ചടക്കത്തോടെ ടീം മത്സരങ്ങളെ സമീപിക്കുകയാണ് വേണ്ടതെന്നും ഹോള്‍ഡര്‍ പറഞ്ഞു.